കോഴിക്കോട് : നിപ (Nipah) ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി (Kozhikode Nipah Updates). രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, ചികിത്സയില്‍ കഴിയുന്ന ഒന്‍പതുവയസുകാരന്‍റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകനും നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വിവരം.
കോഴിക്കോട് ജില്ലയില്‍ നിലവില്‍ മൂന്ന് പേരാണ് നിപ ബാധിച്ച് ചികിത്സയിലുള്ളത് (Kozhikode Nipah Patients Number). 11 പരിശോധന ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. പൂനെ എൻഐവിയുടെ (National Institute Of Virology) മൊബൈൽ പരിശോധ ലാബ് ഇന്ന് മെഡിക്കല്‍ കോളജില്‍ (Kozhikode Medical Collage) പ്രവര്‍ത്തന സജ്ജമാകും.
കൂടാതെ, കേന്ദ്ര സംഘവും ഇന്ന് കോഴിക്കോടേക്ക് എത്തുന്നുണ്ട്. കുറ്റ്യാടി, ആയഞ്ചേരി മേഖലകളില്‍ വവ്വാല്‍ സര്‍വേകളും വിദഗ്‌ദ പരിശോധനയും ആരംഭിക്കും. നിപ മരണം സംഭവിച്ച വീടുകളിലും സമീപ പ്രദേശങ്ങളിലും സംസ്ഥാന ആരോഗ്യ സംഘം നേരത്തെ പരിശോധന നടത്തി സാംപിളുകള്‍ ശേഖരിച്ചിരുന്നു.
11 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണ്‍ : നിപ ആശങ്കയില്‍ കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളിലെ 11 വാര്‍ഡുകള്‍ കൂടിയാണ് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവളളൂർ, കായക്കൊടി, ചങ്ങരോത്ത്, പുറമേരി പഞ്ചായത്തുകളെയാണ് ഇപ്പോള്‍ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളത്.
നിപ ബാധയുടെ സാഹചര്യത്തില്‍ ജില്ലയില്‍ പുതിയ ചികിത്സ മാര്‍ഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട് (Kozhikode Nipah Treatment Guidelines). രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കി. പനിയുള്ളവര്‍ ഉടനടി തന്നെ ചികിത്സ തേടേണ്ടതുണ്ട്. അണുബാധ നിയന്ത്രണ സംവിധാനം ആശുപത്രികളിൽ കൃത്യമായി നടപ്പാക്കണമെന്നും പുതിയ ചികിത്സ മാർഗരേഖയിൽ പറയുന്നു.
മഞ്ചേരിയില്‍ പനിയും അപസ്‌മാര ലക്ഷണവുമുള്ള ഒരാള്‍ നിലവില്‍ നിരീക്ഷണത്തിലാണ്. മറ്റ് രോഗികളുടെ സമ്പര്‍ക്ക പട്ടികയില്‍ ഇല്ലാത്ത ആളാണിത്. ഇദ്ദേഹത്തിന്‍റെ സ്രവ സാംപിളുകളും നിപ വൈറസ് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
നിപ ബാധ പ്രതിരോധത്തിനായി മാനന്തവാടി പഴശ്ശി പാര്‍ക്കിലേക്കുള്ള പ്രവേശനവും വിലക്കിയിരിക്കുകയാണ്. വവ്വാലുകൾ കൂടുതലായി കാണപ്പെടുന്ന സ്ഥലമായത് കൊണ്ടാണ് ഈ നിർദേശം. പൊതുജനങ്ങൾക്ക് ഒരറിയിപ്പ് ഉണ്ടാകും വരെയാണ് വിലക്ക്. ജില്ല കലക്‌ടറാണ് പ്രവേശനം വിലക്കി ഉത്തരവിട്ടത്.