കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മോഡലും നടിയുമായ കാസർകോട് ചെറുവത്തൂർ സ്വദേശി ഷഹനയ്‌ക്ക് ഇന്നലെ (മെയ് 12) 22 വയസ് പൂർത്തിയായ ദിവസമായിരുന്നു. ജന്മദിനം ആഘോഷിക്കാൻ ഭർത്താവിനെ ഷഹന കാത്തിരുന്നു. ഏറെ വൈകി എത്തിയ ഭർത്താവ് സജ്ജാദുമായി വാക്കുതർക്കമുണ്ടായി.
രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് ഇവരുടെ വാടക വീട്ടിൽ നിന്നും ശബ്‌ദമുയർന്നത്. ഇത് കേട്ട് തൊട്ടടുത്ത് താമസിക്കുന്ന കെട്ടിടയുടമ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. 12.15ഓടെ പൊലീസ് എത്തുമ്പോൾ ഷഹന ബോധരഹിതയായി സജാദിൻ്റെ മടിയിൽ കിടക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മുറിയിൽ ലഹരിമരുന്ന്: സജ്ജാദിനെ കസ്റ്റഡിയിൽ എടുത്ത പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. ഷഹന ജനലഴിയിൽ തൂങ്ങി മരിച്ചതാണെന്നാണ് സജ്ജാദ് നൽകിയ മൊഴി. എന്നാൽ ഇത് വിശ്വസിക്കാൻ പൊലീസ് തയാറായിട്ടില്ല.
ഇവരുടെ മുറിയിൽ ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. ചില അസ്വാഭാവികതകൾ പൊലീസിൻ്റെ പരിശോധനയിലും വ്യക്തമായിട്ടുണ്ട്. ഷഹന ആത്മഹത്യ ചെയ്‌തുവെന്ന് പറയപ്പെടുന്ന മുറിയിൽ നിന്നും എൽഎസ്‌ഡി, എംഡിഎംഎ മുതലായ ലഹരിമരുന്നുകളുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. സജ്ജാദ് ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന ഇവ ഷഹനയുടെ ശരീരത്തിലുണ്ടോ എന്ന് കണ്ടെത്താൻ മൃതദേഹം രാസപരിശോധനയ്‌ക്ക് വിധേയമാക്കും.
മകളെ കൊലപ്പെടുത്തിയതാണെന്ന് ഷഹനയുടെ മാതാവും മൊഴി നൽകിയിട്ടുണ്ട്. സ്ത്രീധനം കൂട്ടി ചോദിച്ച് വഴക്കും മർദനവും ഉണ്ടാകാറുണ്ടെന്നും ഇവർ പറയുന്നു. ഈ പശ്ചാത്തലത്തിൽ ആർഡിഒയുടെ സാന്നിധ്യത്തിലാണ് പോസ്‌റ്റ്‌മോർട്ടം നടപടികൾ നടക്കുന്നത്. പോസ്‌റ്റ്‌മോർട്ടത്തിന്‍റെ വീഡിയോ ചിത്രീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
അന്വേഷണം സജ്ജാദിലേക്ക്: ഒന്നര വർഷം മുമ്പാണ് ഇവരുടെ വിവാഹം നടക്കുന്നത്. ഖത്തറിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് ചെറുകുളം സ്വദേശി സജ്ജാദ് ബന്ധുക്കൾ വഴിയാണ് ഷഹനയെ വിവാഹമാലോചിച്ചത്. എന്നാൽ ഇരുവരുടെയും അടുത്ത ബന്ധുക്കൾക്ക് ഈ ബന്ധത്തോട് താൽപര്യമില്ലായിരുന്നു.
എന്നാൽ പിന്നീട് സജ്ജാദും ഷഹനയും തമ്മിൽ അടുപ്പത്തിലാകുകയായിരുന്നു. വിവാഹ ശേഷം നാട്ടിൽ തന്നെയായിരുന്ന സജ്ജാദ് ജോലിക്കൊന്നും പോയിരുന്നില്ല. ആഭരണക്കടകളുടേതടക്കം ചില പരസ്യങ്ങളിൽ അഭിനയിച്ച് ഷഹനയ്ക്ക് കിട്ടുന്ന വരുമാനത്തിലാണ് ഇവർ ജീവിച്ചിരുന്നത്.
READ MORE:മോഡലിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി, പരാതിയുമായി ബന്ധുക്കൾ
ചെറുകുളത്തെ ബന്ധുക്കളോടൊപ്പം കഴിഞ്ഞിരുന്ന ദമ്പതികൾ കഴിഞ്ഞ മൂന്ന് മാസമായി പറമ്പിൽ ബസാറിലെ വാടക വീട്ടിലാണ് താമസം. അടുത്തിടെ ഷഹന സിനിമയിൽ അഭിനയിച്ചിരുന്നു. ഇതിൻ്റെ പ്രതിഫലമായി വന്ന ചെക്കിൻ്റെ പേരിലാണ് അവസാനമായി തർക്കവും ബഹളവും ഉണ്ടായതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
സുഹൃത്തുക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിച്ച സജ്ജാദ് ലഹരിക്കടിമപ്പെട്ടുണ്ടെന്ന സൂചനയാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. വിശദമായ പരിശോധന റിപ്പോർട്ടും അന്വേഷണ റിപ്പോർട്ടും വരുന്നതോടെ തുടർ നടപടികൾ വേഗത്തിലാക്കാനാണ് പൊലീസ് നീക്കം.