കോഴിക്കോട് : മെഡിക്കൽ കോളജ് ശസ്‌ത്രക്രിയ വാർഡിൽ പീഡനത്തിന് ഇരയായ അതിജീവിത നീതി തേടി ഹൈക്കോടതിയിലേക്ക്. കേസിലെ പ്രധാന പ്രതിയുടെയും ഇയാൾക്ക് വേണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളുടെയും ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിക്കുന്നത്. ഇതിനൊപ്പം ഭീഷണിപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളെയും ജോലിയിൽ തിരിച്ചെടുക്കാൻ തയ്യാറാക്കിയ റിപ്പോർട്ട്, തിരിച്ചെടുത്ത പ്രിൻസിപ്പലിന്‍റെ നടപടി ഇതെല്ലാം കോടതിയിൽ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലുമാണ് ഇവർ.
അതിനിടെ ഭീഷണിപ്പെടുത്തൽ കേസിന്‍റെ തുടരന്വേഷണത്തിനായി ജോയിന്‍റ് ഡിഎംഇ ഡോ. ഗീതയുടെ നേതൃത്വത്തിലുള്ള സംഘം ജൂലൈ 31ന് മെഡിക്കൽ കോളജിൽ എത്തും. ഈ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ അതിജീവിതയ്ക്ക് പ്രിൻസിപ്പൽ നോട്ടിസ് നൽകിയിട്ടുണ്ട്. സംഭവ ദിവസം ശസ്‌ത്രക്രിയ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരിൽ നിന്ന് സംഘം മൊഴി രേഖപ്പെടുത്തും.
അതേസമയം പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പീഡന പരാതി ഇല്ലാതാക്കാൻ അഞ്ച് വനിത ജീവനക്കാർ ചേർന്ന് പരാതിക്കാരിയായ രോഗിക്ക് മേൽ ഭീഷണിയും സമ്മർദവും ചെലുത്തിയെന്നാണ് കുറ്റപത്രത്തില്‍ ഉള്ളത്. ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിനുള്ളിൽ വച്ചാണ് ആശുപത്രി ജീവനക്കാരൻ വടകര സ്വദേശി ശശീന്ദ്രൻ പീഡിപ്പിച്ചത്.
തൈറോയിഡ് ശസ്‌ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് യുവതിയെ സ്‌ത്രീകളുടെ സർജിക്കൽ ഐസിയുവിലേക്ക് മാറ്റിയിരുന്നു. യുവതിയെ ഇവിടെയെത്തിച്ചത് ഈ അറ്റൻഡറാണ്. ഇതിനുശേഷം മടങ്ങിയ ഇയാൾ അൽപസമയം കഴിഞ്ഞ് തിരികെവന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
ശസ്‌ത്രക്രിയക്കുവേണ്ടി അനസ്‌തേഷ്യ നൽകിയിരുന്നതിനാൽ മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്നു യുവതി. പിന്നീട് സംസാരിക്കാവുന്ന അവസ്ഥയായപ്പോൾ വാർഡിലുണ്ടായിരുന്ന നഴ്‌സിനോട് കാര്യം യുവതി പറയുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്‌തു. കേസിൽ റിമാൻഡിലായ പ്രതിയെ ആശുപത്രിയിൽ നിന്ന് സസ്പെൻഡ് ചെയ്‌തിരുന്നു.
ഇതിനിടെ പരാതി പിൻവലിപ്പിക്കാൻ അതിജീവിതയ്ക്ക് മേൽ സമ്മർദം ഉണ്ടായി. കേസിൽ പ്രതിയായ ആശുപത്രി ജീവനക്കാരന്‍റെ സഹപ്രവർത്തകരായ വനിത ജീവനക്കാരാണ് യുവതിക്കുമേല്‍ സമ്മർദം ചെലുത്തിയത്. പിന്നാലെ യുവതിയുടെ ഭര്‍ത്താവ് സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കുകയുണ്ടായി.
സമ്മർദത്തിന് വഴങ്ങാതിരുന്നതോടെ യുവതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടന്നതായും ഭർത്താവ് ആരോപിച്ചിരുന്നു. പരാതി ലഭിച്ചതോടെ യുവതിയെ ചികിത്സിക്കുന്ന വാര്‍ഡില്‍ സന്ദര്‍ശകരെ വിലക്കി സൂപ്രണ്ട് സര്‍ക്കുലര്‍ ഇറക്കി.
Also Read: മെഡിക്കല്‍ കോളജ് പീഡനം: യുവതിയുടെ മൊഴി മാറ്റാൻ നീക്കം, സന്ദര്‍ശകരെ വിലക്കി സൂപ്രണ്ട്
രോഗിയെ പരിചരിക്കാൻ ചുമതലപ്പെട്ട ഡോക്‌ടർക്കും നഴ്‌സിനും മാത്രമേ പരാതിക്കാരിയുടെ മുറിയിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ എന്നായിരുന്നു സർക്കുലർ. ഇവരെ പ്രവേശിപ്പിച്ച വാർഡിനുപുറത്ത് സെക്യൂരിറ്റി ജീവനക്കാരനെ നിർത്താനും സൂപ്രണ്ട് നിർദേശിച്ചിരുന്നു. അനാവശ്യമായി പരാതിക്കാരിയായ രോഗിയെ ആരെങ്കിലും സന്ദർശിക്കാൻ ശ്രമിച്ചാൽ അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ടിന്‍റെ സർക്കുലറിൽ വ്യക്തമാക്കുകയുണ്ടായി. രോഗിയുടെ ആരോഗ്യനില ദിവസവും പരിശോധിച്ച് പൂർണമായും സൗജന്യ ചികിത്സ നൽകാനും സൂപ്രണ്ട് ഉത്തരവിട്ടിരുന്നു.