കോഴിക്കോട്: മാവൂരിലെ റോഡരികില്‍ വഴിയാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന തണല്‍ മരങ്ങൾ മുറിച്ചു മാറ്റാതെ അധികൃതര്‍. പൊലീസിന്‍റെയും സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ റോഡിരികിലെ ഏതുസമയത്തും നിലംപൊത്താമെന്ന സ്ഥിതിലായ മരങ്ങൾ മുറിച്ചു മാറ്റാന്‍ നിർദേശം നല്‍കിയിരുന്നു. ചാഞ്ഞുനില്‍ക്കുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റിയോ നിലംപൊത്താറായ മരങ്ങൾ മുറിച്ചുമാറ്റിയോ അപകടഭീഷണി ഇല്ലാതാക്കാനായിരുന്നു നിർദേശം. എന്നാല്‍ മരങ്ങൾ ഇപ്പോഴും ഭീഷണിയുയര്‍ത്തുകയാണ്. മരങ്ങൾ മുറിക്കാനുള്ള നടപടി ആരംഭിച്ചിരുന്നെങ്കിലും മഴക്കാലത്ത് മരത്തിൽ കയറാൻ പ്രയാസമായതിനാല്‍ നിർത്തിവെക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.
മാവൂർ- കോഴിക്കോട് റോഡിൽ പാറമ്മൽ മുതൽ ചെറൂപ്പ വരെ നിരവധി മരങ്ങളാണ് അപകടഭീഷണിയുയർത്തുന്നത്. ചെറൂപ്പ, അയ്യപ്പൻകാവ്, പെരുവയൽ, ആനക്കുഴിക്കര, കുറ്റിക്കാട്ടൂർ, വെള്ളിപ്പറമ്പ് ഭാഗങ്ങളിലും അപകടഭീഷണിയിലായ മരങ്ങളുണ്ട്. പ്രളയകാലത്ത് പാറമ്മൽ- ചെറൂപ്പ ഭാഗത്ത് റോഡിന് ഇരുഭാഗത്തുമുള്ള നീർത്തടത്തിൽ ജലനിരപ്പ് ഉയർന്നപ്പോൾ പത്തോളം ചീനിമരങ്ങൾ കടപുഴകിയിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശങ്ങളിലെ റോഡുകൾ തകരുകയും ചെയ്‌തു. ചിലയിടങ്ങളില്‍ റോഡിന് വിള്ളലുകളുമുണ്ടായി. ചില മരങ്ങൾ റോഡിലേക്ക് പതിച്ചെങ്കിലും ഭാഗ്യം കൊണ്ടുമാത്രമാണ് ദുരന്തങ്ങൾ ഒഴിവായത്. കുറ്റിക്കാട്ടൂരിൽ മരം വീണ് കാറിന് കേടുപാട് സംഭവിച്ചിരുന്നു. ഇത്തരം മരങ്ങളുടെ ശിഖരങ്ങളെങ്കിലും എത്രയും വേഗം മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെയും വഴിയാത്രക്കാരുടെയും ആവശ്യം.