കോഴിക്കോട്: ആവിക്കൽ തോടിന് സമീപത്ത് മലിനജല പ്ലാൻ്റിൻ്റെ നിര്‍മാണം തുടങ്ങാന്‍ നീക്കം നടന്നതോടെ സംഘർഷം. പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌തു. റോഡ് ഉപരോധിച്ചവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.
അറസ്റ്റ് ചെയ്‌ത് നീക്കിയവര്‍ സ്റ്റേഷനുള്ളിലും പ്രതിഷേധിച്ചു. സംഘര്‍ഷത്തില്‍ ഒരു സ്‌ത്രീയ്‌ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പ്ലാന്‍റ് നിര്‍മാണം തുടങ്ങാന്‍ നീക്കം തുടങ്ങിയതോടെ തിങ്കളാഴ്‌ച രാവിലെ നാട്ടുകാര്‍ സംഘടിച്ച് എത്തി പ്രതിഷേധിക്കുകയായിരുന്നു. സ്ഥലത്തേക്ക് വന്‍ പൊലീസ് സേനയാണ് എത്തിയത്.
മേയര്‍ ഭവനിലേക്ക് പ്രദേശവാസികള്‍ പ്രതിഷേധ മാർച്ച് നടത്തി. പ്ലാന്‍റിന് എതിരായി നോർത്ത് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രന്‍റെ ഓഫിസിലേക്ക് സമരസമിതി രണ്ടുദിവസം മുന്‍പ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പ്ലാന്‍റ് സ്ഥാപിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് മേയറും ജില്ല കലക്‌ടറും. ദിവസങ്ങളായി സ്ഥലത്ത് പ്രതിഷേധ സാഹചര്യമാണുള്ളത്.