മലപ്പുറം: ഫാസില്‍ കോട്ടമ്മൽ വിമാനം കയറുമ്പോൾ മനസ് നിറയെ കല്യാണം എന്ന സ്വപ്നം മാത്രമായിരുന്നു. കരിപ്പൂരില്‍ വിമാനമിറങ്ങി നേരെ കൊടിയത്തൂരിലെ വീട്ടിലെത്തണം. വിവാഹ ഒരുക്കങ്ങൾ തുടങ്ങണം. വിമാനം കരിപ്പൂരില്‍ ലാൻഡ് ചെയ്യുമ്പോൾ സ്വന്തം നാട്ടിലെത്തിയ സന്തോഷം. പക്ഷേ എല്ലാം പെട്ടെന്നായിരുന്നു. മൂന്ന് സെക്കൻഡോളം റൺവേയിലൂടെ ഓടിയ ശേഷം കേൾക്കുന്നത് ഭയാനക ശബ്‌ദവും കാഴ്‌ചയില്‍ ഇരുട്ടും. വിമാനം തകർന്നിരുന്നു. ആദ്യം കണ്ട വിള്ളലിലൂടെ പുറത്തിറങ്ങി. ഇറങ്ങുമ്പോൾ നിരവധി പേരുടെ കരച്ചില്‍ കേൾക്കാം. ഒന്നും ചെയ്യാനാകുന്നില്ല, പരിക്കുണ്ട് ദേഹമാകെ. എങ്കിലും ഓർമ മറയും മുന്നേ വീട്ടുകാരെ വിവരമറിയിച്ചു, ഭയപ്പെടേണ്ടെന്ന്. കോട്ടമ്മൽ അപകടത്തെ കുറിച്ച് ഇടിവി ഭാരതിനോട് പറയുമ്പോൾ ഫാസിലിന്‍റെ മനസില്‍ ഭീതി മാത്രം.
പുനർജന്മമാണിത്. രക്ഷാദൗത്യം ഉടൻ ആരംഭിച്ചത് ദുരന്തവ്യാപ്തി കുറച്ചു. രണ്ടാം ജന്മം നൽകിയ കൊണ്ടോട്ടിക്കാരോടുള്ള പെരുത്ത് ഇഷ്ടവും ഫാസില്‍ മറച്ചുവെച്ചില്ല. മരണ സംഖ്യ കുറയാൻ കാരണം കൊണ്ടോട്ടിക്കാരുടെ ഇടപെടലാണെന്നും ഫാസില്‍ പറഞ്ഞു നിർത്തി.18 പേരുടെ മരണത്തിന് കാരണമായ ദുരന്തം നേരിട്ടറിഞ്ഞ ഫാസിലിന്‍റെ കൊടിയത്തൂരിലെ വീട്ടില്‍ ഇനി വിവാഹത്തിനുള്ള ഒരുക്കങ്ങളാണ് .