കോഴിക്കോട്: വിഷുവിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കണികാണാൻ കണിവെള്ളരി റെഡിയാണ്. പച്ചക്കറികളടക്കം അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് വരുത്തുന്നതെങ്കിലും വർഷങ്ങളായി വിഷുവിന് പുറത്ത് നിന്നുള്ള കണിവെള്ളരിയ്ക്ക് കോഴിക്കോട്ട് സ്ഥാനമില്ല. കോഴിക്കോട് ജില്ലയിലെ പെരുവയൽ, ചാത്തമംഗലം, ചെത്തുകടവ്, ചെറുകുളത്തൂർ, മാവൂർ ഭാഗങ്ങളിലാണ് കണിവെള്ളരി കൃഷി ചെയ്യുന്നത്.
ഇത് ജൈവക്കണിവെള്ളരി: ഫെബ്രുവരി അവസാനത്തോടെ നടുന്ന വിത്തുകൾ വിഷുവാകുമ്പോഴേയ്ക്കും കണിക്കൊന്നയുടെ നിറമായിരിക്കും. വിഷുവിനോടടുത്ത മൂന്ന് ദിവസങ്ങളാണ് ലക്ഷ്യമെങ്കിലും വേനൽ കാരണം വെള്ളരികളിൽ പൊട്ടൽ വീഴുന്നതിനാൽ മൂപ്പേറുന്നത് വരെ നിൽക്കാതെ മഞ്ഞ നിറമാകുമ്പോൾ തന്നെ വിളവെടുക്കേണ്ടി വരുന്നതായി കർഷകർ പറയുന്നു.
ഇപ്പോൾ കിലോയ്ക്ക് 25 മുതൽ 30 വരെയാണ് വില. വിഷു അടുക്കുന്നതോടെ വില 60 വരെയെത്തും. വർഷങ്ങളായി നെൽകൃഷി വിളവെടുത്ത പാടങ്ങളിലാണ് കണിവെള്ളരി കൃഷി ചെയ്യുന്നത്.
സൂപ്പർമാർക്കറ്റുകളും വലിയ കമ്പനികളും ഇവിടെനിന്നും കണിവെള്ളരി വാങ്ങുന്നുണ്ട്. ഓരോ വർഷത്തെയും വിളവിലെ ആദ്യ വെള്ളരിയിൽ നിന്നുമെടുക്കുന്ന വിത്തുകളാണ് അടുത്ത വർഷത്തെ കൃഷിക്ക് ഉപയോഗിക്കുന്നത്. വേനൽ മഴ ഈ ഭാഗങ്ങളിൽ വലിയ രീതിയിൽ ബാധിക്കാത്തതിനാൽ ആശ്വാസത്തിലാണ് കർഷകർ.
ALSO READ:കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ!; ഹൈറേഞ്ചിൽ പൂവിട്ട് കണിക്കൊന്ന