കോഴിക്കോട് : ടൗൺ എസ്ഐയുടെ പേരിൽ ആൾമാറാട്ടം നടത്തി ഹോട്ടലിൽ മുറിയെടുത്ത ട്രാഫിക്ക് ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്ഐ ജയരാജനെയാണ് ഉത്തരമേഖല ഐജി സസ്പെൻഡ് ചെയ്‌തത്. ടൗൺ എസ്ഐ ആണെന്ന് സ്വയം പരിചയപ്പെടുത്തി ഹോട്ടലിൽ സ്ത്രീക്കൊപ്പം ജയരാജൻ മുറിയെടുത്തത് വിവാദമായിരുന്നു.
മുൻപ് ജോലി ചെയ്‌തിരുന്ന സ്റ്റേഷനിൽ പരാതിക്കാരിയായി വന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തി ജയരാജൻ ഹോട്ടൽ മുറിയിൽ കൊണ്ടുവന്നതായാണ് വിവരം. സംഭവം പുറത്തായതോടെ വീട്ടമ്മ എസ്ഐക്കെതിരെ പീഡന പരാതി നൽകാൻ ഒരുങ്ങുകയാണ്. ആൾമാറാട്ടം, ഔദ്യോഗിക പദവിയുടെ ദുരുപയോഗം, സാമ്പത്തിക തട്ടിപ്പ് തുടങ്ങി ഗുരുതര ക്രിമിനൽ കുറ്റങ്ങൾ എസ്ഐക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഗുരുതരമായ അച്ചടക്ക ലംഘനം കാണിച്ചതിന് പിന്നാലെയാണ് സസ്പെൻഷൻ. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ശിക്ഷ നടപടി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ കോഴിക്കോട് റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മൂന്ന് സ്ഥലം മാറ്റത്തിന് പിന്നാലെയാണ് സസ്പെൻഷൻ. ആദ്യ സ്ഥലം മാറ്റം റദ്ദ് ചെയ്‌ത ജയരാജനെ കോഴിക്കോടേക്ക് എസ്ഐയായി മടക്കി കൊണ്ടുവന്ന കമ്മിഷണറുടെ നടപടി വിവാദമായിരുന്നു. ഇതിന് പിന്നാലെ വീണ്ടും വയനാട്ടിലേക്ക് സ്ഥലം മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ഉത്തര മേഖല ഐജി സസ്പെൻഷൻ ഉത്തരവിറക്കിയത്.
ആഭ്യന്തര വകുപ്പിനും പൊലീസിനും ചീത്തപ്പേരുണ്ടാക്കിയ ട്രാഫിക് എസ്‌ഐക്കെതിരെ ഹോട്ടൽ ജീവനക്കാരൻ മൊഴി നൽകിയിരുന്നു. ഹോട്ടൽ മുറിയുടെ വാടക കുറച്ചു കിട്ടാനായിരുന്നു ആൾമാറാട്ടം നടത്തിയത്. ഇതുവഴി 2500 രൂപ ദിവസ വാടകയുള്ള എയർ കണ്ടീഷൻ മുറിയിൽ താമസിച്ച ഇയാൾ മുറി വെക്കേറ്റ് ചെയ്യുമ്പോൾ 1000 രൂപ മാത്രം നൽകി മടങ്ങുകയായിരുന്നു.
കഴിഞ്ഞ മാസം 10നാണ് ഒരു സ്ത്രീയുമൊത്ത് ലിങ്ക് റോഡിലെ ഒരു ഹോട്ടലിൽ ട്രാഫിക് എസ്‌ഐ ജയരാജൻ മുറിയെടുത്തത്. താൻ ടൗൺ എസ്ഐ ആണെന്നും വിശ്രമിക്കാൻ മുറിവേണമെന്നും ഇദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഹോട്ടൽ ടൗൺ സ്റ്റേഷൻ പരിധിയിലായതിനാൽ റിസപ്ഷനിസ്റ്റ് ഉപചാരപൂർവ്വം എസ്ഐയെ സ്വീകരിച്ചിരുത്തി മുറി അനുവദിച്ചു.
രജിസ്റ്ററിൽ ടൗൺ എസ്ഐ എന്നെഴുതുകയും ചെയ്‌തു. ഉച്ചയ്ക്ക് ഒരു മണിയോടെ മുറിയിലേക്ക് പോയ ഇരുവരും നാല് മണിയോടെ ഹോട്ടലിൽ നിന്ന് മടങ്ങുന്നതടക്കം ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. ഇതിനിടെ ഈ സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നതോടെ സംഭവം പൊലീസുകാർക്കിടയിലും സംസാര വിഷയമായി.
തുടർന്ന് ടൗൺ പൊലീസ് ഹോട്ടലിലെത്തി രജിസ്റ്റർ പരിശോധിക്കുകയും ആൾമാറാട്ടം സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു. സ്പെഷൽ ബ്രാഞ്ച് ഉന്നതൻ അടക്കം അംഗമായ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍റെ ജില്ല ഭാരവാഹിയാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ.
ഗുണ്ടകൾക്കു ഒത്താശ ചെയ്യുക, കേസ് വിവരങ്ങൾ മണൽ മാഫിയക്ക് ചോർത്തി നൽകുക, മറ്റ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ ഭീഷണിപ്പെടുത്തി പ്രതികൾക്ക് ലഭ്യമാക്കുക തുടങ്ങി നിരവധി ആരോപണങ്ങൾ നേരിട്ട എസ്ഐയെ അസോസിയേഷൻ ബന്ധം കണക്കിലെടുത്താണ് ഇതുവരെ രക്ഷിച്ചു പോന്നത്. എന്നാൽ ഹോട്ടൽ വിഷയത്തിൽ നടപടി വേണമെന്ന് അസോസിയേഷനിലെ ഒരു വിഭാഗം നിലപാടെടുക്കുകയായിരുന്നു.