കോഴിക്കോട്: ഏഴ് വെന്‍റിലേറ്ററുകൾ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് നൽകി ജില്ല പഞ്ചായത്ത്. സമഗ്ര കൊവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് ജില്ല പഞ്ചായത്തിന്‍റെ ഇടപെടല്‍. കോഴിക്കോട് മെഡിക്കൽ കോളേജ് ഓഡിറ്റേറിയത്തിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മെഡിക്കൽ കോളജ് പ്രിൻസിപൽ വി.ആർ രാജേന്ദ്രന് വെന്‍റിലേറ്ററുകൾ കൈമാറി.
ജില്ലയിൽ നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്‍റർപ്രൈസസ് മുഖേന ഒരു വെന്‍റിലേറ്ററിന് 13,28500 രൂപ നിരക്കിലാണ് വാങ്ങിയത്. ജില്ല മെഡിക്കൽ ഓഫീസറാണ് പദ്ധതി നിർവഹണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
ആവശ്യം തിരിച്ചറിഞ്ഞ് ജില്ല പഞ്ചായത്തിന്‍റെ ഇടപെടല്‍
കൊവിഡ് ചികിത്സയടക്കമുള്ള അടിയന്തര ചികിത്സകൾക്ക് വെന്‍റിലേറ്ററുകള്‍ കുറവുള്ള സാഹചര്യമാണ് മെഡിക്കൽ കോളേജിലുള്ളത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഗ്രാമഞ്ചായത്തുകളില്‍ കൊവിഡ് കെയർ സെന്‍ററുകൾ/ വാർഡ് ആർ.ആർ.ടികൾക്ക് ഉപയോഗിക്കുന്നതിനുള്ള 3700 പൾസ് ഓകസിമീറ്ററുകളും ജില്ല പഞ്ചായത്ത് നല്‍കി.
ജില്ലയിലെ അംഗീകൃത പെയിൻ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്കുകൾക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങി നൽകുന്നതിനുള്ള നടപടികളും പുരോഗമിച്ചു വരികയാണ്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.പി ശിവാനന്ദൻ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ALSO READ: കാസര്‍കോട് എക്‌സൈസ് റിമാന്‍ഡ് പ്രതി മരിച്ചു; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍