കോഴിക്കോട്: വിവാദ വിഷയങ്ങൾക്കപ്പുറം പ്രാദേശിക രാഷ്രീയ പോരാട്ടത്തിന് മറുപടിയാകും കോഴിക്കോട് ജില്ലയിലെ ജനവിധിയെന്ന് വിലയിരുത്തൽ . പോളിങ് ശതമാനം കൂടിയത് മുന്നണികളിൽ ചർച്ചയായി. ഉച്ചവരെ സമാധാന അന്തരീക്ഷത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ നാദാപുരത്തും കൊടുവള്ളിയിലും കൊടിയത്തൂരും സംഘർഷമുണ്ടായി.
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്‌ച സംഭവിച്ചെങ്കിലും ഹരിത പ്രോട്ടോക്കോൾ പാലിച്ചും നാദാപുരത്തും കൊടുവള്ളിയിലും കൊടിയത്തൂരും ഓരോ വാർഡുകളിൽ ഒഴികെ സമാധാന അന്തരീക്ഷം നിലനിർത്തിയുമാണ് കോഴിക്കോട് ജില്ലയിൽ വോട്ടെടുപ്പ് പൂർത്തിയാക്കിയത്. രാത്രി വൈകിയും വോട്ടെടുപ്പ് തുടർന്ന ജില്ലയിൽ 79 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇരുമുന്നണികൾക്കുമുള്ള വിധിയെഴുത്താകും തെരഞ്ഞെടുപ്പെന്ന് ബിജെപി വിലയിരുത്തി.
മുക്കത്തും കുറ്റിയാടിയിലും വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫ് സഖ്യവും വടകരയിൽ ആർഎംപി -യു ഡി എഫ് കൂട്ട് കെട്ടും കൊടുവള്ളിയിലെ എൽ ഡി എഫ് -കാരാട്ട് ഫൈസൽ ധാരണയും എൽജെഡിയുടെ എൽ ഡി എഫ് പ്രവേശം എന്നിവയെല്ലാം വിധിയെഴുത്തിൽ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. കോർപറേഷനിൽ സീറ്റുനില മെച്ചപ്പെടുത്താമെന്നാണ് ബി ജെ പിയുടെ പ്രതീഷ.
പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തി. വടകര ചോമ്പാൽ സ്‌കൂളിലായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വോട്ട്. എം കെ മുനീർ കാരപ്പറമ്പ് സ്‌കൂളിലും കെ സുരേന്ദ്രൻ മൊടക്കല്ലൂർ എ യു പി സ്‌കൂളിലും വോട്ട് ചെയ്‌തു. പത്തിടങ്ങളിലായി വോട്ടിങ് മെഷീൻ തകരാറിലായെങ്കിലും വോട്ടെടുപ്പ് വേഗത്തിൽ പുനരാരംഭിക്കാനായി. കൊവിഡ് രോഗികൾ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചിലയിടങ്ങളിൽ തർക്കമുണ്ടായി. നാദാപുരത്ത് യുഡിഎഫ് പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. ജനത്തെ പിരിച്ച് വിടാൻ പൊലീസ് നടത്തിയ ഗ്രനേഡ് പ്രയോഗത്തിൽ നാലുപേർക്ക് പരിക്കേറ്റു. കൊടുവള്ളിയിൽ എൽഡിഎഫും എസ്‌ഡിപിഐയും ഏറ്റുമുട്ടി.