കോഴിക്കോട് : കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ട മുൻ സബ് രജിസ്ട്രാറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കോഴിക്കോട് ചേവായൂർ സബ് രജിസ്ട്രാറായിരുന്ന പി കെ ബീനയെയാണ് പിരിച്ചുവിട്ടത്. വിജിലൻസ് പിടിയികൂടിയത് മുതൽ സസ്പെൻഷനിലായിരുന്ന ബീന, കുറ്റക്കാരിയാണെന്ന് 2020 ജൂൺ 26ന് കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.
ഏഴ് വർഷം കഠിന തടവും അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നത്. കേസിൽ താൻ നിരപരാധിയാണെന്ന് കാണിച്ച് ബീന ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു. അപ്പീൽ സമർപ്പിച്ചതിനാൽ പിരിച്ചുവിടരുതെന്ന് ബീന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ ചട്ടപ്രകാരം ബീനയെ സർവീസിൽ നിന്ന് പിരിച്ച് വിടുകയായിരുന്നു. കുറ്റക്കാരിയല്ലെന്ന് മേൽക്കോടതി വിധിച്ചാൽ സർവീസിൽ തിരിച്ചെടുക്കാമെന്ന നിബന്ധനയോടെയാണ് വിജ്ഞാപനം പുറത്തിറങ്ങിയത്.
5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു, വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടറും ഏജന്‍റും പിടിയിൽ : ജൂലൈ 31ന് കെെക്കൂലി വാങ്ങുന്നതിനിടെ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടറെയും ഏജന്‍റിനെയും വിജിലന്‍സിന്‍റെ പിടികൂടിയിരുന്നു. തൃശൂർ തൃപ്രയാർ സബ്. ആര്‍ ടി ഓഫിസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ജോര്‍ജ് സി എസ്, ഏജന്‍റ് അഷ്റഫ് എന്നിവരാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്‍റെ പിടിയിലായത്. തൃപ്രയാർ കിഴുപ്പുള്ളികര ടെസ്റ്റ് ഗ്രൗണ്ടിൽ വച്ചാണ് ഇരുവരെയും പിടികൂടിയത്.
വാഹന പുക പരിശോധന കേന്ദ്രം തുടങ്ങാനുള്ള അപേക്ഷ പാസാക്കാനായി പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. വാഹന പുക പരിശോധന കേന്ദ്രം തുടങ്ങുന്നതിനായി പരാതിക്കാരൻ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടർന്ന് ഈ അപേക്ഷ പാസാക്കണമെങ്കില്‍ കൈക്കൂലിയായി 5,000 രൂപ നൽകണമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ ജോർജ് ആവശ്യപ്പെട്ടു.
പണം 'യു ടേണ്‍' ഡ്രെെവിങ് സ്‌കൂളിലെ ജീവനക്കാരനായ അഷ്‌റഫിനെ ഏൽപ്പിക്കണമെന്നും എം വി ഐ ജോർജ് പറഞ്ഞു. ഇതോടെ അപേക്ഷ സമർപ്പിച്ചയാൾ കൈക്കൂലി ആവശ്യപ്പെട്ട വിവരം വിജിലൻസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഫിനോൾഫ്‌തലിൻ പുരട്ടിയ നോട്ട് പരാതിക്കാരനിൽ നിന്നും ഏജന്‍റായ അഷ്‌റഫ് സ്വീകരിക്കുന്ന സമയം വിജിലൻസ് സംഘം ഇയാളെ പിടികൂടി. കേസില്‍ എം വി ഐക്കെതിരെ കോള്‍ റെക്കോര്‍ഡ്‌സ് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ചു.
കൈക്കൂലി വാങ്ങിയ കെഎസ്ആർടിസി ഉദ്യോഗസ്ഥനെ പിടികൂടി : തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങിയ കെഎസ്ആർടിസി ട്രാൻസ്പോർട്ട് ഭവനിലെ ഡെപ്യൂട്ടി ജനറൽ മാനേജർ ഉദയകുമാറിനെ വിജിലൻസ് പിടികൂടിയിരുന്നു. പരസ്യം പതിക്കുന്നതിനായി കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ഒരു ലക്ഷം രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടർന്ന് ജൂലൈ 12ന് കരാറുകാരൻ 40,000 രൂപ ഉദയകുമാറിന് നൽകി.
ബാക്കി തുകയിൽ 30,000 രൂപ ജൂലൈ 16ന് നൽകി. ബാക്കി തുക നൽകിയില്ലെങ്കിൽ ബില്ല് മാറില്ലെന്ന് ഉദ്യോഗസ്ഥൻ പരാതിക്കാരനെ ഭീഷണിപ്പെടുത്തി. ഇതോടെ കരാറുകാരൻ വിജിലൻസിനെ വിവരം അറിയിച്ചു. തുടർന്ന് ജൂലൈ 16ന് രാത്രി 7 മണിക്ക് 3000 രൂപ ഇയാൾക്ക് വീണ്ടും കൈക്കൂലി നൽകാനെത്തി. തുടർന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഉദയകുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്‌തു.
Read more : Bribery | പരസ്യ കരാറുകാരനിൽ നിന്നും കൈക്കൂലി; കെഎസ്ആർടിസി ഉദ്യോഗസ്ഥനെ കയ്യോടെ പൊക്കി വിജിലൻസ്