കോഴിക്കോട്: കോട്ടൂളിയിലെ പെട്രോൾ പമ്പ് കവർച്ചയില്‍ മുന്‍ ജീവനക്കാരന്‍ പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആർഭാട ജീവിതത്തിനായാണ് പ്രതി മോഷണം നടത്തിയത്. അന്വേഷണം വഴി തിരിച്ചുവിടാന്‍ കവര്‍ച്ച നടത്തിയ സമയത്ത് ഹിന്ദി സംസാരിച്ചെന്നും കോഴിക്കോട് സിറ്റി ഡി.സി.പി ആമോസ് മാമൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എടപ്പാൾ സ്വദേശി സാദിഖാണ് (22) അറസ്റ്റിലായത്. ബുധനാഴ്‌ച അര്‍ധ രാത്രിയായിരുന്നു സംഭവം. പമ്പിലെ ജീവനക്കാരനെ മര്‍ദിച്ച് അവശനാക്കി ബന്ദിയാക്കിയ ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. 'ചുപ് രഹോ' എന്ന ഹിന്ദി വാക്ക് മോഷണത്തിനിടെ ഇയാള്‍ പറഞ്ഞു. കൃത്യ നിര്‍വഹണത്തിന് ഒരു മണിക്കൂർ മുന്‍പ് പമ്പിൽ എത്തി ആളുകൾ ഒഴിയുന്നതുവരെ പ്രതി ഒളിച്ചുനിന്നു.
ALSO READ| കോട്ടൂളി പെട്രോൾ പമ്പിലെ കവർച്ച : മുന്‍ ജീവനക്കാരന്‍ പൊലീസ് പിടിയില്‍
കവര്‍ച്ചയ്‌ക്ക് 'ധൂം' സിനിമ പ്രേരണയായി. വിരലടയാളം പതിയാതിരിക്കാൻ രണ്ട് ഗ്ലൗസുകൾ പ്രതി ഉപയോഗിച്ചിരുന്നു. കോട്ടും, മുഖംമൂടിയും ധരിച്ചെത്തിയ സാദിഖ് മൽപ്പിടുത്തത്തിലൂടെ ജീവനക്കാരനായ മുഹമ്മദ് റാഫിയെ കീഴടക്കി. തുടര്‍ന്ന് തോർത്ത് മുണ്ടുകൊണ്ട് കൈകൾ ബന്ധിച്ചതിന് ശേഷമാണ് കവർച്ച നടത്തിയത്.
പരിക്കേറ്റ മുഹമ്മദ് റാഫിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അമ്പതിനായിരം രൂപയാണ് പെട്രോൾ പമ്പില്‍ നിന്ന് ഇയാള്‍ മോഷ്‌ടിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.