കോഴിക്കോട്: കൂളിമാട് പാലത്തിന്‍റെ തകർച്ചയുമായി ബന്ധപ്പെട്ട പൊതുമരാമത്ത് വിജിലൻസിന്‍റെ റിപ്പോർട്ട് തിരിച്ചയച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. യന്ത്ര തകരാറോ, തൊഴിലാളികളുടെ പിഴവോ ആണ് പാലം തകരാൻ കാരണമെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. എന്നാൽ റിപ്പോർട്ടിൽ വ്യക്തത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി തിരിച്ചയച്ചത്.
ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണോ തൊഴിലാളികളുടെ പിഴവാണോ എന്നതിൽ വ്യക്ത വേണമെന്ന് റിപ്പോർട്ട് തള്ളി മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ പിഴവാണെങ്കിൽ വിദഗ്‍ധ തൊഴിലാളുടെ സേവനം ഉറപ്പാക്കത്തതാണോ അപകടത്തിന് ഇടയാക്കിയതെന്നും സുരക്ഷ സംവിധാനങ്ങളും മുൻകരുതലും ഇല്ലാതെയായിരുന്നോ നിർമാണം നടന്നത് എന്നതിലും വ്യക്തത വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൂളിമാട് പാലത്തിന്‍റെ തകർച്ചയിൽ ഉദ്യോഗസ്ഥർക്കും കരാർ കമ്പനിക്കും വീഴ‍്‍ച പറ്റിയെന്ന് വ്യക്തമാക്കി സമർപ്പിച്ച റിപ്പോർട്ടിലാണ് പൊതുമരാമത്ത് വിജിലൻസിൽ നിന്ന് മന്ത്രി വിശദീകരണം തേടിയത്.
നിർമാണം നടക്കുമ്പോൾ മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥർ സ്ഥലത്തില്ലാതിരുന്നത് ഗുരുതര വീഴ്‌ചയാണെന്ന് പൊതുമരാമത്ത് വിജിലൻസ് ചൂണ്ടിക്കാട്ടിയിരുന്നു. സ്‌പാൻ ഉറപ്പിക്കുമ്പോൾ കരാർ കമ്പനിയുടെ എഞ്ചിനീയർമാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. സുരക്ഷ ഒരുക്കുന്നതിൽ നിർമാണ കമ്പനിക്കും വീഴ‍്‌ച സംഭവിച്ചു. ഹൈഡ്രോളിക് ജാക്കിയുടെ പ്രവർത്തനം ഉറപ്പാക്കിയില്ല.
ഇത്രയും കാര്യങ്ങൾ പരാമർശിച്ചാണ് പൊതുമരാമത്ത് വിജിലൻസ്, വകുപ്പ് സെക്രട്ടറിക്കും റിപ്പോർട്ട് സമര്‍പ്പിച്ചത്. നിർമാണത്തിൽ അപാകതയില്ല, വീഴ്‌ച സംഭവിച്ചിട്ടില്ല എന്നിങ്ങനെയുള്ള കമ്പനിയുടെ അവകാശവാദങ്ങൾ നേരത്തെ പൊതുമരാമത്ത് മന്ത്രി തള്ളിപ്പറഞ്ഞിരുന്നു. നിർമാണം പുനരാരംഭിക്കാമെന്നുള്ള ഊരാളുങ്കൽ ലേബര്‍ സൊസൈറ്റിയുടെ നിർദേശവും അദ്ദേഹം തള്ളിയിരുന്നു.
Also Read കൂളിമാട് പാലം തകര്‍ന്ന സംഭവം: കരാർ കമ്പനിക്കും ഉദ്യോഗസ്ഥർക്കും വീഴ്ചയെന്നു റിപ്പോർട്ട്