കോഴിക്കോട്: തകർന്ന് വീണ കൂളിമാട് പാലത്തിന്‍റെ നിർമാണം പുനരാരംഭിക്കാനുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ നിർദേശം തള്ളി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രം നിർമാണം തുടങ്ങിയാൽ മതിയെന്നാണ് മന്ത്രിയുടെ നിർദേശം. പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗമാണ് അപകടം സംബന്ധിച്ച് അന്വേഷണം നടത്തുന്നത്.
കൂളിമാട് പാലം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യമുൾപ്പെടെ അന്വേഷണ വിധേയമെന്ന് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമഗ്ര റിപ്പോർട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
അതേസമയം, ബീം തകർന്ന് പത്ത് ദിവസമാകുമ്പോഴും അപകടകാരണത്തെ കുറിച്ച് കൃത്യമായ നിഗമനങ്ങളിലെത്താൻ പിഡബ്യുഡി വിജിലൻസ് സംഘത്തിന് കഴിഞ്ഞിട്ടില്ല. ഒരാഴ്‌ചയ്ക്കകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അന്വേഷണ സംഘമറിയിച്ചിരിക്കുന്നത്. അതിനിടെ പാലത്തിന്‍റെ തകർന്ന് വീണ ഭാഗങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ഉടൻ തുടങ്ങിയേക്കും.
Also Read: കൂളിമാട് പാലം തകർച്ച ; പൊതുമരാമത്ത് വകുപ്പിനുണ്ടായത് ഗുരുതര വീഴ്‌ച