കോഴിക്കോട്: കളന്‍തോട് കൂളിമാട് റോഡിന്‍റെ നിർമാണ പ്രവര്‍ത്തനം വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്ത് സന്ദർശനം നടത്തി. റോഡ് പ്രവൃത്തി അനന്തമായി നീണ്ടു പോവുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ പി ടി എ റഹീം എംഎല്‍എ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെയും കരാറുകാരുടേയും യോഗത്തിൽ തടസങ്ങൾ മാറ്റി റോഡ് പ്രവൃത്തി ഉടൻ തുടങ്ങാൻ തീരുമാനമായിരുന്നു.
റോഡിന്‍റെ പ്രവൃത്തികള്‍ സംബന്ധിച്ച തടസങ്ങളുണ്ടെങ്കില്‍ അത് കണ്ടെത്തി പരിഹരിക്കുന്നതിനും പ്രവൃത്തി സംബന്ധിച്ച വകുപ്പുതല ഏകോപനം നടത്തുന്നതിനും പൊതുമരാമത്ത്, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ക്കൊപ്പം റോഡ് സൈറ്റ് സന്ദര്‍ശിക്കുന്നതിനും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത പരിശോധന നടത്തിയത്.
നിർമാണ പ്രവൃത്തികൾ ഉടൻ തുടങ്ങാനാവശ്യമായ നടപടികൾ സ്വീകരിച്ചതായി ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ എസ് ബീന പറഞ്ഞു. റോഡ് പ്രവൃത്തി തുടരുന്നതിന് തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് കരാറുകാരനെ യോഗത്തിൽ ചുമതലപ്പെടുത്തുകയും ചെയ്തു. തടസമുള്ള മരങ്ങള്‍ മാറ്റുന്ന മുറക്ക് കെഎസ്ഇബിയുടെ ലൈനുകള്‍ മാറ്റാന്‍ കരാര്‍ നല്‍കിയതായും പൊതുമരാമത്ത് നിര്‍ദേശിക്കുന്ന ദിവസം പ്രവൃത്തി ആരംഭിക്കുന്നതിന് സന്നദ്ധമാണെന്നും കെഎസ്ഇബി ഉദ്യോഗസ്ഥരും അറിയിച്ചു. എന്‍സിപിസി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ മാറ്റുന്നതിന് കരാര്‍ നല്‍കിക്കഴിഞ്ഞതായും പ്രവൃത്തി നടത്തുന്നതില്‍ തടസങ്ങളില്ലെന്നും സംയുക്ത പരിശോധന നടത്തി പ്രവൃത്തി ആരംഭിക്കുന്നതാണെന്നും വാട്ടര്‍ അതോറിറ്റി അധികൃതരും യോഗത്തിൽ അറിയിച്ചിരുന്നു. റോഡിന്‍റെ പരമാവധി വീതി പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതിനും കയ്യേറ്റം ഉണ്ടാവാതിരിക്കാന്‍ അതിരുകളില്‍ ബൗണ്ടറി സ്റ്റോണുകള്‍ സ്ഥാപിക്കുന്നതിനുമുള്ള പ്രൊപ്പോസലിന് അംഗീകാരം നല്‍കാമെന്ന് കിഫ്ബി അധികൃതര്‍ അറിയിച്ചിട്ടുള്ളതായി എംഎല്‍എ വ്യക്തമാക്കി. ഇതുസംന്ധിച്ച പ്രൊപ്പോസല്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബീന, പൊതുമരത്ത് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ ബിനുകുമാർ, അസി. എൻജിനീയർ ശുഹൈബ് വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ജിതേഷ്, കെഎസ്ഇബി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ബി ബിനോഷ്, സബ് എൻജിനീയർ കലേഷ്, അസി. എൻജിനീയർ പി പി സതീഷ് കുമാർ, സബ് എൻജിനീയർ സുഭാഷ്, കിഫ്ബി പ്രൊജക്റ്റ് എഞ്ചിനീയർ സൽമാൻ എന്നിവരുടെ നേതൃത്തിലുള്ള പൊതുമരാമത്ത്, വാട്ടർ അതോറിറ്റി, കെഎസ്ഇബി ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് സ്ഥലസന്ദർശനം നടത്തിയത്.