കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്ന് പ്രതികളെയും ഇന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കും. വൈകീട്ട് നാലിന് താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുക. കസ്റ്റഡി കാലാവധി രണ്ട് ദിവസം കൂടി നീട്ടിനല്‍കിയത് ഇന്ന് വൈകീട്ട് അഞ്ചിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത്.
അതിനിടെ സിലിയുടെ കൊലപാതകത്തിൽ താമരശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. കേസിൽ കൂടുതൽ തെളിവ് ലഭിക്കുന്നതിനായി പ്രതികളെ ഇനിയും ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. അതിനായി ഓരോ കേസിലും പ്രത്യേകം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്‍റെ നീക്കം.
ജോളിയുടെ എൻഐടി ബന്ധം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും അന്വേഷണത്തിന്‍റെ ഭാഗമായി ശേഖരിക്കേണ്ടതുണ്ട്. എൻഐടിയിലെ ബന്ധങ്ങൾക്ക് കൊലപാതകത്തില്‍ പങ്കുണ്ടെങ്കില്‍ കേസിനാവശ്യമായ തെളിവുകൾ അവിടെ നിന്നും ശേഖരിക്കേണ്ടി വരും. എൻഐടി ക്ക് സമീപം തയ്യൽക്കട നടത്തുന്ന ജോളിയുടെ സുഹൃത്ത് റാണിയെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. എന്നാൽ ഇവർ സ്ഥലത്തില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം.