കോഴിക്കോട്: കൂടത്തായി റോയ് വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി തള്ളി. കോഴിക്കോട് മാറാട് പ്രത്യേക കോടതിയാണ് ഹർജി തളളിയത്. കേസിൽ ഈ മാസം 24 ന് വിചാരണ നടപടികൾ ആരംഭിക്കും.
സ്വത്തുക്കൾ തട്ടിയെടുക്കാനായി 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ജോളി ജോസഫ് നടത്തിയ ആസൂത്രിത കൊലപാതകങ്ങളാണ് കൂടത്തായി കൊലപാതക പരമ്പര എന്നാണ് കേസ്. 14 വർഷത്തിനിടെ കോഴിക്കോട് ജില്ലയിലെ കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേരാണ് കൊല്ലപ്പെട്ടത്. വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (58) മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്‍റെ സഹോദരന്‍റെ മകനായ ഷാജു സ്‌കറിയയുടെ മകൾ ആൽഫൈൻ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാണ് കൊല്ലപ്പെട്ടത്.
ടോം തോമസ്, റോയ് തോമസ്, മാത്യു മഞ്ചാടിയിൽ, സിലി, ആൽഫൈൻ എന്നിവരെ സയനൈഡ് നൽകിയും അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് കേസ്. 2019 ഒക്‌ടോബര്‍ അഞ്ചിനാണ് ജോളി അറസ്റ്റിലായത്.