കോഴിക്കോട്: ദശാബ്ദങ്ങൾ പിന്നിട്ടാലും എത്രയെല്ലാം തെളിവുകൾ നശിപ്പിച്ചാലും ചിലപ്പോൾ കാലം അത് കണ്ടെത്തും. അതാണ് കോഴിക്കോട് ജില്ലയിലെ കൂടത്തായിയിലും സംഭവിച്ചത്. കൂടത്തായി പൊന്നാമറ്റം വീട്ടിലെ തുടർമരണങ്ങൾ സംബന്ധിച്ച് ബന്ധുക്കൾക്കും നാട്ടുകാർക്കും സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം ആത്മഹത്യയും ആകസ്മിക മരണങ്ങളുമായി അവശേഷിച്ചു.
അന്നമ്മ തോമസിനെ കൊല്ലാൻ ജോളി നേരത്തെയും ശ്രമിച്ചിരുന്നു. എന്നാൽ അന്ന് ഭക്ഷണത്തില്‍ സയനൈഡ് നല്‍കിയിരുന്നുവെങ്കിലും വിഷാംശം കുറവായതിനാല്‍ മരണം സംഭവിച്ചില്ല. ഇതേ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് രണ്ടാം തവണ സയനൈഡ് ഡോസ് കൂട്ടി നൽകുകയായിരുന്നു. അതേസമയം, ആദ്യ തവണയും, രണ്ടാം തവണയും അന്നമ്മ ചികിത്സ തേടിയ ആശുപത്രിയിൽ നിന്ന് രേഖകൾ ഒന്നും ക്രൈംബ്രാഞ്ചിന് കണ്ടെത്താനായില്ല. റോയി നൽകാനുണ്ടായിരുന്ന പണം തിരികെ ചോദിച്ചതും ജോളിയുടെ വഴി വിട്ട ബന്ധത്തിലുണ്ടായ സംശയവുമാകാം ഇവരെ കൊല്ലാൻ ജോളിയെ പ്രേരിപ്പിച്ചത്.
ഭാര്യയുടെ മരണ ശേഷം ഒരു വർഷത്തിനശേഷം ടോം തോമസും മരിച്ചു. ഛർദ്ദിച്ച് അവശനായായിരുന്നു ടോമിന്‍റെ മരണം. ഭാര്യയുടെ മരണത്തിൽ സംശയം തോന്നിയതും ജോളിയെ തിരിച്ചറിഞ്ഞതും ഇയാളെ വകവരുത്താൻ കാരണമായി. ഒരു വര്‍ഷത്തിന് ശേഷമാണ് ഭർത്താവ് റോയിയെ ജോളി കൊലപ്പെടുത്തുന്നത്. തൊട്ടുപിന്നാലെ തന്നെ അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍ മരിച്ചു. അന്നമ്മയുടെയും ഭർത്താവിന്‍റെയും മരണത്തിൽ ഇയാൾക്കുണ്ടായ സംശയമാവാം ഇയാളെ വകവരുത്താൻ കാരണം. ജോളിയുമായി പ്രണയത്തിലായിരുന്ന ഷാജുവിന്‍റെ മകന്‍റെ ആദ്യ കുര്‍ബാന ദിവസം 2014 മേയ് മൂന്നിനാണ് പത്തുമാസം പ്രായമുള്ള ഇയാളുടെ മകള്‍ ആല്‍ഫൈൻ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചത്. തങ്ങളുടെ ബന്ധത്തിന് കുഞ്ഞ് ബാധ്യതയാകുമെന്ന ചിന്തയാണ് കുഞ്ഞിനെ വകവരുത്തനുണ്ടായ കാരണം.
പിന്നീട് രണ്ടുവര്‍ഷം കഴിഞ്ഞാണ് ഷാജുവിന്‍റെ ഭാര്യ സിലിയെ ദന്താശുപത്രിവരാന്തയില്‍ വെച്ച് വെള്ളത്തിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തിയത്. ജോളിയുടെ മടിയില്‍ കുഴഞ്ഞുവീണാണ് സിലി മരിക്കുന്നത്. പെട്ടെന്ന് കുഴഞ്ഞ് വീണുള്ള മരണങ്ങളായിരുന്നു പലതും. മരണം സംഭവിക്കുന്നതിന് മുമ്പ് എല്ലാവരും ഒരേ തരത്തിലുള്ള ഭക്ഷണം കഴിച്ചതായാണ് വിവരം. ജോളിയും സമാന സാഹചര്യത്തിൽ മരിച്ച സിലിയുടെ ഭർത്താവ് ഷാജുവും പിന്നീട് വിവാഹിതരായി. ഒരു കുടുംബത്തിലെ ദുരൂഹ മരണങ്ങളില്‍ സംശയം ബലപ്പെട്ടപ്പോഴാണ് മരിച്ച ദമ്പതികളുടെ മകൻ റോജോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ വഴി തുറക്കുന്നത്.
നുണക്കഥകൾ പൊളിച്ച അന്വേഷണ സംഘത്തിന്‍റെ പഴുതടച്ചുള്ള ചോദ്യങ്ങളില്‍ ജോളി കുറ്റം സമ്മതിച്ചു. സഹായത്തിന് ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു എന്നും ജോളി പറഞ്ഞു. രാഷ്ട്രീയക്കാരും റവന്യു ഉദ്യോഗസ്ഥരും സ്വത്ത് സ്വന്തമാക്കാൻ സഹായിച്ചു. സയനൈഡ് നല്‍കാൻ ജുവലറി ജീവനക്കാരൻ ഒപ്പം നിന്നു. ഇനി അറിയേണ്ടത് ഈ ക്രിമനല്‍ ബുദ്ധിയുടെ പിന്നില്‍ ആരൊക്കെയുണ്ടെന്നാണ്. പണത്തിന് വേണ്ടി ജോളിയുടെ അറിവോടെ കൂടത്തായിയില്‍ കൂടുതല്‍ കൊലപാതകങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നുണ്ട്.