കോഴിക്കോട് : അങ്ങ് വിയറ്റ്‌നാമില്‍ മാത്രമല്ല, ഇങ്ങ് മലയാള മണ്ണിലും ഗാഗ് പഴം വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കര്‍ഷകന്‍. കോഴിക്കോട് കോടഞ്ചേരി സ്വദേശി ആലക്കൽ ജോസഫിന്‍റെ പറമ്പിലാണ് ഗാഗ്' കായ്‌ച്ചത്. വിയറ്റ്‌നാമിന്‍റെ 'സ്വര്‍ഗീയ പഴ'മെന്നാണ് ഇതറിയപ്പെടുന്നത്.
'ഇനി ശ്രമം കൃഷി വിപുലമാക്കാന്‍' : ജാതി മുതൽ ഡ്രാഗൺ ഫ്രൂട്ട് വരെയുള്ള ജോസഫിന്‍റെ കൃഷിടത്തില്‍ ഈ പഴമാണ് ഏറെ ആകർഷകമായ ഇനം. വിയറ്റ്‌നാം, തായ്‌ലാൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ പഴം സാധാരണയായി കണ്ടുവരുന്നത്. അങ്കമാലിയിലെ ഒരു സുഹൃത്തിൽ നിന്നാണ് ജോസഫിന് ഗാഗിന്‍റെ വിത്തുലഭിച്ചത്.
ആറുമാസം മുൻപ് നട്ടു. ചെടി കായ്‌ച്ചതിന്‍റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഈ മലയോര കര്‍ഷകന്‍. ആണ്‍വിത്തും പെണ്‍വിത്തും അടുത്തടുത്ത് നട്ടാല്‍ മാത്രമേ ഗാഗ് കായ്‌ക്കുകയുള്ളൂ. ഏറെ ഔഷധ ഗുണമുള്ള ഈ പഴത്തിന് കിലോയ്‌ക്ക് ആയിരം രൂപവരെ വിലയുണ്ടെന്ന് ജോസഫ് പറയുന്നു.
ALSO READ: ബസ് ചര്‍ജ് വര്‍ധന; സ്വകാര്യ ബസുടമകളുടെ സമരം ഇന്ന് അര്‍ധരാത്രി മുതല്‍
ജ്യൂസുണ്ടാക്കി കഴിക്കുന്നതിന് പുറമെ പച്ച ഗാഗ് കറിവച്ചും, തോരൻ ഉണ്ടാക്കിയും കഴിക്കാം. തളിരിലകളും, പൂവും കറിയാക്കാം. ഈ പഴത്തിന്‍റെ ഉള്ളില്‍ കാണപ്പെടുന്ന ഒരു തരം ഓയിലും ഏറെ വിലപിടിപ്പുള്ളതാണ്.
ജൈവ വളം മാത്രമാണ് ജോസഫ് കൃഷിയ്‌ക്കായി ഉപയോഗിക്കുന്നത്. കേരളക്കരയിലും വിദേശ ഫലങ്ങള്‍ സുലഭമായി ഉണ്ടാകുമെന്ന് തെളിയിച്ച ജോസഫ്, കൃഷി വിപുലമാക്കാനുള്ള തയ്യാറെടുപ്പിലാണ്.