കോഴിക്കോട്: തെങ്ങിലക്കടവില്‍ കോംപ്രഹെന്‍സീവ് ക്യാന്‍സര്‍ കെയര്‍ ഹബ് പ്രഖ്യാപനം ആരോഗ്യമന്ത്രി മന്ത്രി കെകെ ഷൈലജ നിര്‍വഹിച്ചു. ക്യാന്‍സര്‍ ചികിത്സക്ക് സംവിധാനം ഏർപ്പെടുത്തുന്നതിന് സൗജന്യമായി സര്‍ക്കാരിലേക്ക് വിട്ടു കിട്ടിയ ആറര ഏക്കര്‍ സ്ഥലവും കെട്ടിടവും ഉപയോഗപ്പെടുത്തിയാണ് ഇവിടെ സൗകര്യങ്ങളൊരുക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്‍റെ നിയന്ത്രണത്തിലാണ് പദ്ധതി നടപ്പിലാക്കുക. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപ ഉപയോഗപ്പെടുത്തി കെട്ടിട വിപുലീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചു വരികയാണ്. ക്യാന്‍സര്‍ സ്ക്രീനിംഗ്, ക്യാന്‍സര്‍ ഒ പി, സ്പെഷ്യല്‍ ക്ലിനിക്, ട്രൈനിംഗ് സെന്‍റര്‍ തുടങ്ങിയവ പ്രസ്തുത ഹബ്ബിന്‍റെ ഭാഗമാണ്. ഫെബ്രുവരി ആറിന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തിരുന്നു.
ക്യാന്‍സര്‍ കെയര്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സ്റ്റാഫിനെ നിയമിക്കാനും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാ പഞ്ചായത്തിന്‍റേയും എന്‍എച്ച്എമ്മിന്‍റേയും പദ്ധതികള്‍ ഉപയോഗപ്പെടുത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പുലപ്പാടി ഉമ്മർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.വി.ആർ രാജേന്ദ്രൻ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ എ നവീൻ, മെഡിക്കൽ കോളജ് റേഡിയോ തെറാപ്പി മേധാവി ഡോ. ടി അജയകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ കമ്പളത്ത് സുധ, ബ്ലോക്ക് മെമ്പർമാരായ എൻ ഷിയോലാൽ, ടിപി മാധവൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ ശ്രീജ, കെ ഉണ്ണികൃഷ്ണൻ, ഇ എൻ പ്രേമാനന്ദ്, സുരേഷ് പുതുക്കുടി, എം ധർമജൻ, വി ബാലകൃഷ്ണൻ നായർ സംസാരിച്ചു.