കോഴിക്കോട്: കെ.കെ രമ നിയമസഭയിലേക്ക്. ആർഎംപിക്ക് കേരള നിയമസഭയില്‍ ആദ്യ അംഗം. യുഡിഎഫ് പിന്തുണയോടെ വടകരയില്‍ മത്സരിച്ച കെ.കെ രമ നിയമസഭയിലെത്തുമ്പോൾ കേരള രാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരേടാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അടക്കം യുഡിഎഫുമായി സഹകരിച്ചിരുന്ന ആർഎംപി, യുഡിഎഫ് പിന്തുണയോടെ നിയമസഭയിലേക്ക് മത്സരിക്കുന്നത് ആദ്യമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച കെകെ രമ 20000ത്തിലധികം വോട്ട് നേടിയിരുന്നു.
എസ്എഫ്ഐ പ്രവർത്തകയായി പൊതുരംഗത്ത് എത്തിയ രമ, ഭർത്താവ് ടിപി ചന്ദ്രശേഖരന്‍റെ കൊലപാതകത്തിന് ശേഷമാണ് സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്. ചന്ദ്രശേഖരൻ രൂപീകരിച്ച ആർഎംപിയുടെ പിന്നീടുള്ള വളർച്ചയില്‍ കെകെ രമയുടെ പങ്ക് വലുതാണ്. 1957ല്‍ സിപിഐയും പിന്നീട് 2016 വരെ സോഷ്യലിസ്റ്റ് പാർട്ടികളും മാത്രം ജയിച്ചു വന്ന വടകരയില്‍ സിപിഎമ്മില്‍ നിന്ന് പുറത്തു വന്നവർ രൂപീകരിച്ച ആർഎംപി വിജയിക്കുമ്പോൾ കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രമാണത്. വിഘടിച്ചു നിന്ന സോഷ്യലിസ്റ്റ് പാർട്ടികൾ ഒറ്റക്കെട്ടായി മത്സരിച്ചിട്ടും വടകരയില്‍ പരാജയമായിരുന്നു ജനതാദളിന് ഫലം.