കോഴിക്കോട് : ഒരു മഴ പെയ്താൽ പുറംലോകത്തുനിന്ന് ഒറ്റപ്പെടുന്ന ഒൻപത് കുടുംബങ്ങളാണ് തിരുവമ്പാടി പഞ്ചായത്തിൽ മുത്തപ്പൻ പുഴ കിളിക്കല്ലിലുള്ളത്. കനത്ത മഴ പെയ്താൽ ഏത് സമയത്തും ജീവൻ അപകടത്തിലാകുമെന്ന ഭീതിയിലാണ് ഇവിടുത്തെ നാല് ആദിവാസി കുടുംബങ്ങളുൾപ്പെടെ ഒൻപത് വീട്ടുകാര്‍.
കനത്ത മഴയും മലവെള്ളപ്പാച്ചിലും ഇവിടത്തുകാർക്ക് പേടിസ്വപ്നമാണ്. വീടിന് സമീപം കൂറ്റൻ പാറക്കല്ലുകൾ ഉള്ളതിനാൽ ഏത് സമയവും ഉരുൾപ്പൊട്ടൽ ഉണ്ടാകാം.
Also Read: വൈക്കം സ്വദേശിയെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയവര്‍ അറസ്റ്റിൽ
ഓരോ മഴക്കാലത്തും വീടുപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പില്‍ പോകാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു. രണ്ട് വർഷം മുൻപുണ്ടായ പ്രളയത്തിൽ സ്ഥലം സന്ദർശിച്ച ജില്ല കലക്‌ടർ പ്രദേശം വാസയോഗ്യമല്ലെന്നും മറ്റൊരിടം കണ്ടെത്തുന്നതിന് ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ അനുവദിക്കുമെന്നും ഉറപ്പുനൽകിയിരുന്നെങ്കിലും ഇനിയും ഫലം കണ്ടിട്ടില്ല.
പിന്നീട് ഇതുവരെ അതേക്കുറിച്ച് യാതൊരു വിവരവും ഇവർക്ക് ലഭിച്ചിട്ടില്ല. നിയമത്തിന്‍റെ നൂലാമാലകൾ കടന്ന് എല്ലാം ശരിയായി വരുമ്പോഴേക്കും ജീവനും,ജീവിതവും ബാക്കിയുണ്ടാകുമോ എന്ന ആശങ്കയിലാണ് ഈ ഹതഭാഗ്യർ.