കോഴിക്കോട്: കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ കോടതി റിമാൻ്റ് ചെയ്തു. കൊടുവള്ളി സ്വദേശികളായ കൂമുള്ളൻ കണ്ടി നൗഷാദ് (31), താന്നിക്കൽ മുഹമ്മദ് സാലിഹ് (38), കളത്തിക്കും തൊടുവിൽ സൈഫുദ്ദീന്‍ (35) എന്നിവരെയാണ് കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാൻ്റ് ചെയ്തത്.
ചൊവ്വാഴ്‌ച പുലർച്ചെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടിൽ നിന്നും കാറിലെത്തിയ സംഘം അഷ്റഫിനെ തട്ടിക്കൊണ്ട് പോയത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നിൽ കൊടുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണെന്ന് പൊലീസിന് നേരത്തേ സൂചന ലഭിച്ചിരുന്നു. റിയാദിൽ നിന്ന് മെയ് അവസാനമാണ് ഇയാൾ നാട്ടിലെത്തിയത്.
READ MORE: കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവം; മൂന്നുപേര്‍ പിടിയിൽ
ബുധനാഴ്‌ച സംഘം അഷ്‌റഫിനെ വിട്ടയച്ചിരുന്നു. തുടർന്ന് ഇയാളെ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളജിൽ വിദഗ്‌ധ പരിശോധനയ്‌ക്കായി എത്തിച്ചു. ആശുപത്രിയിൽ വച്ച് സ്വർണക്കടത്ത് ക്യാരിയറാണ് താനെന്ന് അഷ്‌റഫ് പൊലീസിന് മൊഴി നൽകിയിരുന്നു. കൊച്ചി വഴി സ്വർണം കടത്തിയതിന് അഷ്‌റഫിനെതിരെ നേരത്തേ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.