കോഴിക്കോട്: സൗദിയില്‍ നിന്നെത്തിയ തൊട്ടില്‍പ്പാലം സ്വദേശിയെ കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്തു നിന്നും തട്ടികൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. താമരശ്ശേരി സ്വദേശികളാണ് പിടിയിലായത്. താമരശ്ശേരി ചെമ്പായി മുഹമ്മദ് എന്ന കുട്ടിമോന്‍, ഇയാളുടെ മരുമകന്‍ കണ്ണീരുപ്പില്‍ ഫസല്‍ (31) എന്ന ഗുണ്ടാ ഫസല്‍, കോരക്കാട് ഇഷല്‍ മന്‍സിലില്‍ അബ്ദുള്‍ നാസര്‍ (46), നിരവധി കേസുകളില്‍ പ്രതിയായ മലപ്പുറം മമ്പാട് കച്ചേരിക്കുനിയില്‍ മുഹമ്മദ് ബഷീര്‍ (45) എന്ന വിഗ്രഹം ബഷീര്‍ എന്നിവരാണ് പിടിയിലായത്. കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തൊട്ടില്‍പാലം പാറശ്ശേരി മീത്തല്‍ റിയാസിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ഈ മാസം 17 നായിരുന്നു സംഭവം. സൗദിയിലെ സ്വര്‍ണക്കടത്തു സംഘം സ്വര്‍ണം കടത്തുന്നതിനായി റിയാസിനെ ഉപയോഗപ്പെടുത്തി. എയര്‍പോര്‍ട്ടിലെത്തിയ റിയാസ് ഇവരെ കബളിപ്പിച്ച് സ്വര്‍ണവുമായി കടന്നു കളയാന്‍ ശ്രമിച്ചു. ഇത് മനസിലാക്കിയ സംഘം ആറോളം വാഹനങ്ങളിലായി റിയാസിനെ പിന്തുടര്‍ന്ന് കൊണ്ടോട്ടി കാളോത്ത് വച്ച് കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടു പോയി. പത്തോളം പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും മുക്കം ടൗണില്‍ ഇറക്കി വിടുകയും ചെയ്തു. കേസന്വേഷണം ആരംഭിച്ചതോടെ സ്വര്‍ണ കടത്ത് സംഘത്തിലെ മുഖ്യ പ്രതികളിലേക്ക് എത്താതിരിക്കാന്‍ വ്യാജ പ്രതികളെ സ്റ്റേഷനില്‍ ഹാജരാക്കാനും ശ്രമം നടന്നു. ഇതിനായി നല്‍കിയ ഒരു ലക്ഷത്തോളം രൂപയും പിടിയിലായവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും കള്ളക്കടത്ത് സംഘത്തിലെ മുഴുവന്‍ ആളുകളെ കുറിച്ചും വിവരം ലഭിച്ചതായും ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ഫസലിനെതിരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും ജീവനക്കാരെയും മര്‍ദ്ദിച്ചതിന് കേസ് നിലവിലുണ്ട്. തങ്കവിഗ്രഹം നിധിയായി ലഭിച്ചുവെന്നു പറഞ്ഞ് വില്‍ക്കാനായി ആളുകളെ സമീപിക്കുകകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തതിന് നിലമ്പൂര്‍, വണ്ടൂര്‍, കല്‍പ്പറ്റ, ഒറ്റപ്പാലം, പാലക്കാട് സ്റ്റേഷനുകളിലായി ബഷീറിനെതിരെ ആറു കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.