കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കൗമാര കലയ്ക്ക് തിരി തെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അവസാനവട്ട ഒരുക്കത്തിലാണ് സംഘാടകര്‍. 14,000 കലാകാരന്മാര്‍ കോഴിക്കോടെത്തുമ്പോള്‍ എല്ലാ മേഖലയും സന്നദ്ധമായിട്ടുണ്ട്. കോഴിക്കോടിന്‍റെ ചുമതലയുള്ള മന്ത്രി പി എ മുഹമ്മദ് റിയാസ് ജില്ലയില്‍ ക്യാമ്പ് ചെയ്‌താണ് സ്ഥിതിവിവരങ്ങള്‍ വിലയിരുത്തുന്നത്.
മന്ത്രി വി ശിവന്‍കുട്ടിയും കോഴിക്കോട് സജീവമാണ്. പ്രധാന വേദിയായ വെസ്റ്റ്ഹില്‍ വിക്രം മൈതാനം അടക്കം 24 വേദികളാണ് കലോത്സവത്തിനായി സജ്ജീകരിച്ചിട്ടുള്ളത്. ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11 നും മറ്റുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണിക്കുമായിരിക്കും മത്സരങ്ങള്‍ ആരംഭിക്കുക.
സംസ്‌കൃതോത്സവം, അറബിക് കലോസവം എന്നിവയും ഇതോടൊപ്പം നടക്കും. കലാകാരന്മാര്‍ക്ക് യാത്ര സൗകര്യത്തിനായി 30 കലോത്സവ വണ്ടികള്‍ തയ്യാറായി കഴിഞ്ഞിട്ടുണ്ട്. ഭക്ഷണശാല മലബാര്‍ ക്രിസ്‌ത്യന്‍ കോളജിലാണ് സജ്ജീകരിച്ചിട്ടുളളത്. ഒരേസമയം 2,000 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
മത്സരഫലങ്ങള്‍ വേദിക്ക് അരികില്‍ പ്രദര്‍ശിപ്പിക്കാന്‍ ഡിജിറ്റല്‍ സൗകര്യവും ഏര്‍പ്പെടുത്തി കഴിഞ്ഞു. കേരളത്തിന് അകത്തും പുറത്തുമുള്ള വിധികര്‍ത്താക്കളായിരിക്കും മത്സരം വിലയിരുത്തുക. എല്ലാ മത്സരങ്ങളുടെയും വീഡിയോ റെക്കോര്‍ഡിങ്ങും ഉണ്ടാകും. ഇതിനെല്ലാം പുറമെ ആരോഗ്യ വകുപ്പിന്‍റെ വലിയ സംഘം തന്നെ കലോത്സവത്തിന് തയ്യാറായി കഴിഞ്ഞിട്ടുണ്ട്.
എല്ലാ വേദികളിലേക്കും മെഡിക്കല്‍ ടീമിനെ ഒരുക്കി ആരോഗ്യവകുപ്പ് 24 മണിക്കൂറും സജ്ജമായിരിക്കും. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് സൗകര്യങ്ങള്‍ ഒരുക്കിയ ആംബുലന്‍സുകളാണ് മറ്റൊരു പ്രത്യേകത. ജലവകുപ്പിന്‍റെ നേതൃത്വത്തില്‍ ശുദ്ധ ജലം വിതരണം ചെയ്യും.
എല്ലാ വേദികളിലും സുരക്ഷ ഉറപ്പു വരുത്തുന്നതിന് അഗ്‌നിശമന സേന മുഴുവന്‍ സമയവും ഉണ്ടാകും. വിക്രം മൈതാനത്ത് രണ്ട് യൂണിറ്റ് സംഘം സ്ഥിരമായി നിലയുറപ്പിക്കും. മറ്റു വേദികളിലും ഊട്ടുപുരയിലും പ്രത്യേക സുരക്ഷ ഒരുക്കും. മത്സരം നടക്കുന്ന വേദികളില്‍ വൈദ്യുതി തടസം നേരിടാതിരിക്കാന്‍ കെഎസ്ഇബിയും രംഗത്തുണ്ട്.
അതേസമയം, കലാമത്സരത്തിനായി കോഴിക്കോട് എത്തിയ വിദ്യാർഥികൾക്ക് മന്ത്രിമാരായ ശിവൻകുട്ടിയുടെയും മുഹമ്മദ് റിയാസിന്‍റെയും നേതൃത്വത്തിൽ ഗംഭീര സ്വീകരണം നൽകി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് ഹല്‍വ നൽകിയാണ് മന്ത്രിമാർ വിദ്യാർഥികളെ സ്വീകരിച്ചത്.