കോഴിക്കോട്: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇ.എം.സി.സി എന്ന കമ്പനിയും കെ.എസ്.ഐ.എൻ.സി എം.ഡി എൻ പ്രശാന്തുമാണെന്ന് കേരളാ സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു). സംസ്ഥാന ജനറൽ സെക്രട്ടറി പി.പി ചിത്തരഞ്ജനാണ് ആരോപണവുമായി രംഗത്ത് എത്തിയത്.
സംസ്ഥാന സർക്കാരിന്‍റെയോ ഫിഷറീസ്, നിയമ, വ്യവസായ വകുപ്പുകളുടെയോ അനുമതിയോ അറിവോ കൂടാതെയാണ് സർക്കാരിന്‍റെ ഇത്തരത്തിൽ ഫിഷറീസ് നയത്തിന് വിരുദ്ധമായി ഒരു ധാരണാപത്രം ഒപ്പിട്ടത്. ഈ ധാരണാപത്രം സംസ്ഥാന സർക്കാർ റദ്ദാക്കിയിട്ടുണ്ട്. കരാർ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനമാണ് കരാറായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാഖ്യാനിച്ചത്. നിലവിലെ കെ.എസ്.ഐ.എൻ.സി എം.ഡി എൻ പ്രശാന്ത് മുമ്പ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചയാളാണ്. വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിന്‍റെ കോപ്പി പ്രശാന്ത് വഴിയാണ് രമേശ് ചെന്നിത്തലക്ക് ലഭിച്ചത്.
തുറമുഖ നവീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന സ്ഥാപനമാണ് കെഎസ്ഐഎൻസി. ട്രോളർ നിർമാണവുമായി യാതൊരു മുൻപരിചയവുമില്ലാതിരിക്കെ ഇത്തരത്തിലൊരു ധാരണാപത്രത്തിൽ സ്ഥാപനത്തിന്‍റെ എംഡി ഒപ്പിട്ടത് സംശയാസ്പദമാണ്. അങ്കമാലി സ്വദേശിയായ ഷൈജു വർഗീസിന്‍റേതാണ് ഇഎംസിസി കമ്പനി. അദ്ദേഹം അമേരിക്കയിലേക്ക് ചേക്കേറിയ പ്രവാസി മലയാളിയാണ്. ഈ കമ്പനിയുടെ പേര് ഉപയോഗിച്ചാണ് പ്രതിപക്ഷ നേതാവ് ഒരു അമേരിക്കൻ കമ്പനിയുമായി സംസ്ഥാന സർക്കാർ കരാറുണ്ടാക്കി എന്ന് നുണപ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. മത്സ്യത്തൊഴിലാളികൾ സംസ്ഥാന നേതാക്കളായ എച്ച്. ബേസിൽലാൽ, കെ സി രാജീവ്, സി പി രാംദാസ്, വി കെ മോഹൻദാസ് എന്നിവരും വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തു.