കോഴിക്കോട്: തമിഴ്‌നാട് ചിന്ന സേലത്ത് നിന്നും കോഴിക്കോട്ടേക്ക് ഒരു വർഷം മുന്‍പ് റോഡ് പണിക്ക് എത്തിയ ഒരു കുടുംബം. പനീർ ശെൽവവും ഭാര്യ ചിന്നപ്പൊണ്ണും. ഏഴു മക്കൾ, അതിൽ അഞ്ച് പെൺമക്കൾക്ക് ശേഷം ഉണ്ടായ ഒരു ആൺതരിയാണ് മണി. ഒന്‍പതാം ക്ലാസ് വരെ ചിന്ന സേലത്ത് പഠിച്ച മണി കോഴിക്കോട്ടേക്ക് എത്തിയപ്പോൾ പഠിപ്പ് അവസാനിപ്പിച്ചു. ജീവിക്കാനായി ഇരുചക്ര വാഹന റിപ്പയറിങ് കടയിൽ ജോലി തുടങ്ങി. മൂന്നുമാസത്തോളം അവിടെ ജോലി ചെയ്‌തു. തമിഴ്‌നാട്ടുകാരനായ ഉടമസ്ഥന്‍റെ ഭാര്യ മലയാളിയായിരുന്നു. അവർ മണിയോട് ചോദിച്ചു, 'പഠിക്കേണ്ട പ്രായം അല്ലേ, അത് കഴിഞ്ഞിട്ട് പോരെ ജോലിയൊക്കെ'. ഈ ചോദ്യമാണ് കൗമാരക്കാരന്‍റെ ജീവിതത്തില്‍ വഴിത്തിരിവായത്.
പറയഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ടീച്ചറോട് ഈ സ്‌ത്രീ ഇതേക്കുറിച്ച് സംസാരിച്ചു. അങ്ങനെ 2022 ജൂണില്‍ സ്‌കൂൾ തുറന്നപ്പോൾ മണി പത്താം ക്ലാസിൽ പഠനം ആരംഭിച്ചു. മലയാളം ഒട്ടും അറിയാത്ത കുട്ടിയെ അങ്ങനെ അധ്യാപകരെല്ലാം ചേർന്നുപഠിപ്പിച്ചു. അങ്ങനെയിരിക്കെ വന്ന സബ് ജില്ല കലോത്സവത്തില്‍ നാടോടി നൃത്തം അവതരിപ്പിക്കാൻ മണിയും ഉണ്ടായിരുന്നു. മത്സരത്തിൽ വിജയിക്കാൻ മണിക്കായില്ല. എന്നാല്‍, ആദ്യമായി സ്റ്റേജിൽ കയറിയതിന്‍റെ ആവേശം കുട്ടി കാത്തുസൂക്ഷിച്ചു. ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കലോത്സവം കോഴിക്കോട് കൊടിയിറങ്ങിയതിന് പിന്നാലെയാണ് കൗമാരക്കാരന്‍റെ ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവുണ്ടായത്.
ആടിയത് നേരില്‍ക്കാണാത്ത തെയ്യം: കേന്ദ്ര സര്‍ക്കാര്‍ സർവശിക്ഷ പദ്ധതി മുഖേന ദേശീയതലത്തിൽ നടത്തുന്ന കലോത്സവത്തിന്‍റെ പ്രാഥമിക റൗണ്ടിലേക്ക് കുട്ടികളെ വേണമെന്ന് നിര്‍ദേശം വന്നു. ഇക്കൂട്ടത്തില്‍ മണിയും ഇടംപിടിച്ചു. എന്നാൽ, മത്സര ദിവസം മണിക്ക് മാത്രമാണ് പങ്കെടുക്കാൻ കഴിഞ്ഞത്. പ്രാഥമിക തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഈ മിടുക്കന്‍ സംസ്ഥാന തലത്തിലും അത് ആവർത്തിച്ചു. ഈ മത്സരങ്ങൾക്കുള്ള മുഴുവൻ പരിശീലനവും യൂട്യൂബ് വീഡിയോ നോക്കിയാണ് കൗമാരക്കാന്‍ അഭ്യസിച്ചത് എന്നതാണ് എടുത്തുപറയേണ്ടത്.
ദേശീയ തലത്തിലേക്ക് അവസരം കിട്ടിയ കുട്ടികളിൽ മണിയും ഉണ്ടായിരുന്നു. ഭുവനേശ്വറിൽ നടന്ന ദേശീയ കലോത്സവത്തിൽ നാഗകാളി തെയ്യമാണ് മണി കെട്ടിയാടിയത്. പരിമിതികൾക്കുള്ളിൽ നിന്ന് സ്റ്റേജ് കയറിയ കുട്ടി അവിടെ രണ്ടാം സ്ഥാനം നേടി. ഇതോടെ ആരും അറിയാതെ കിടന്ന പറയഞ്ചേരി സ്‌കൂളിന്‍റെ പേര് വാനോളം ഉയർന്നു. കേരളത്തിന്‍റെ സ്വന്തം നാഗകാളി തെയ്യത്തിന്‍റെ നൃത്തം അവതരിപ്പിച്ചാണ് മണി ദേശീയ തലത്തിൽ രണ്ടാം സ്ഥാനത്തെത്തിയത്. ജീവിതത്തിൽ ഇതുവരെ തെയ്യം നേരിൽ കാണാതെയാണ് ഈ വേഷം ആടിയത് എന്നതും മറ്റൊരു പ്രത്യേകത.
മത്സര വിജയത്തിന് ശേഷം ഒരുപാട് അവസരങ്ങൾ മണിക്ക് വന്നുചേർന്നു. ന്യൂഡൽഹിയിൽ നടന്ന 12 ദിവസത്തെ പരീക്ഷാ പേ ചർച്ചയിൽ പങ്കെടുത്തു. പ്രധാനമന്ത്രിയേയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയേയും അടുത്തുകാണാൻ കഴിഞ്ഞു. തലസ്ഥാന നഗരം മുഴുവൻ ചുറ്റിക്കാണാനുള്ള അവസരവും ലഭിച്ചു. ഒടുവിൽ റിപ്പബ്ലിക് ദിന പരേഡും കണ്ടാണ് മണി കോഴിക്കോട്ടെത്തിയത്. ആദ്യമായി വിമാനത്തിൽ കയറിയതിന്‍റേയും പല ഭാഷക്കാരായ കുട്ടികളെ പരിചയപ്പെട്ടതിന്‍റേയും നിറഞ്ഞ സന്തോഷം ഈ കൗമാരക്കാരന്‍റെ മുഖത്ത് കാണാമായിരുന്നു.
മണിക്ക് വേണം നല്ലൊരു വീട്: മത്സരങ്ങളിൽ പങ്കെടുക്കാൻ ചെലവായ 50,000 രൂപ സ്‌കൂളിലെ അധ്യാപകരും മറ്റു ജീവനക്കാരുമെല്ലാം പിരിവെടുത്താണ് നല്‍കിയത്. വിജയിയായി നാട്ടിലെത്തിയ മണിക്ക് നിരവധി അനുമോദനങ്ങളും ലഭിച്ചു. എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ മകളും നർത്തകിയുമായ അശ്വതി ശ്രീകാന്ത് മണിയ്‌ക്ക് സൗജന്യമായി നൃത്തപഠനം നല്‍കുന്നുണ്ട് ഇപ്പോള്‍. ഈ വർഷം സ്‌കൂളിൽ നിന്ന് പടിയിറങ്ങുന്ന പ്രധാന അധ്യാപിക ജയശ്രീ ടീച്ചർ അവന്‍റെ എല്ലാ ആഗ്രഹങ്ങൾക്കും കൂടെയുണ്ടാകും എന്ന് ഉറപ്പിച്ചു പറയുന്നു. ജീവിതത്തിൽ മെക്കാനിക്ക് ആവാൻ ആഗ്രഹമുള്ള മണിക്ക് നൃത്തവും മുന്നോട്ടുകൊണ്ടുപോവാനാണ് ലക്ഷ്യം.
അതിനനുസരിച്ചുള്ള ഒരു വിദ്യാലയത്തിലേക്ക് അവനെ എത്തിക്കാൻ ആണ് ടീച്ചറുടെയും ശ്രമം. സ്വന്തമായി ഒരു വീടില്ലാത്ത മണിയുടെ കുടുംബം 10,000 രൂപ മാസം നൽകിയാണ് കോഴിക്കോട്ടെ വാടകവീട്ടിൽ കഴിയുന്നത്. പഠനം കഴിഞ്ഞ് ജോലി നേടി കുടുംബത്തോടൊപ്പം തമിഴ്‌നാട്ടില്‍ കഴിയാനാണ് കുട്ടിയുടെ ആഗ്രഹം. എവിടെയോ അലഞ്ഞുതിരിഞ്ഞു പോവേണ്ടിയിരുന്ന ജീവിതം പ്രതീക്ഷാനിര്‍ഭരമായ ദിക്കിലേക്ക് പോവുന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് ഈ മിടുമിടുക്കന്‍.