കോഴിക്കോട്: ലോകം കൊവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോൾ സർവ സന്നാഹങ്ങളുമായി കൊവിഡിനെ നേരിട്ട സംസ്ഥാനമാണ് കേരളം. അന്തർദേശീയ മാധ്യമങ്ങൾ വരെ കേരളത്തിന്‍റെ പ്രതിരോധ മാതൃകയെ പ്രകീർത്തിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തെ ബാധിക്കുന്ന ചെറിയ വിഷയങ്ങളില്‍ പോലും സംസ്ഥാന സർക്കാർ ജാഗ്രത പുലർത്തി. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ആരും പട്ടിണി കിടക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപ്പോൾ കേരളം അക്ഷരാർഥത്തില്‍ അത് ഏറ്റെടുക്കുകയായിരുന്നു. സാമൂഹിക ഒരുമയും ശാരീരിക അകലവും പാലിച്ചാണ് കേരളം കൊവിഡിനെ പ്രതിരോധിച്ചത്. കേരളം കാണിച്ച ജാഗ്രതയും കരുതലും എത്രത്തോളം മഹത്തരമാണെന്ന് വ്യക്തമാക്കുന്ന ഒരു ദൃശ്യം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചർച്ചയാണ്.
കോഴിക്കോട് റൂറല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പേരാമ്പ്രയിലാണ് സംഭവം. തെരുവില്‍ താമസിക്കുന്ന യുവാവിന് പൊലീസുകാർ ഭക്ഷണം കൊടുക്കുകയും ജാഗ്രതയോടെ അയാൾ ഭക്ഷണം സ്വീകരിക്കുകയും ചെയ്യുന്ന സിസിടിവി ദൃശ്യം മനുഷ്യത്വത്തിന്‍റെയും കൊവിഡിന് എതിരായ കരുതലിന്‍റെയും മഹത്തായ മാതൃകയാണ്. ഏപ്രില്‍ ഒൻപതിന് രാവിലെ പത്ത് മണിയോടെ പേരാമ്പ്ര എസ്.ഐ പി.കെ.റൗഫും, പൊലീസുകാരായ ശ്രീജിത്തും ബഷീറും ലോക്‌ഡൗൺ പട്രോളിങ് നടത്തുന്നതിനിടെയാണ് തെരുവില്‍ താമസിക്കുന്ന മുഷിഞ്ഞ വേഷധാരിയായ യുവാവിനെ കാണുന്നത്. തങ്ങളുടെ കൈവശമുണ്ടായിരുന്ന ഭക്ഷണ പൊതി എസ്ഐയും സംഘവും നാടോടി യുവാവിന് കൊടുക്കാനായി അടുത്തേക്ക് നടക്കുമ്പോഴാണ് എത്ര കരുതലോടെയാണ് കേരളം കൊവിഡിനെ നേരിടുന്നതെന്ന് കാണാൻ കഴിയുന്നത്. പൊലീസുകാർ അടുത്തേക്ക് വരുന്നത് കണ്ട നാടോടി യുവാവ് അടുത്തേക്ക് വരരുത് എന്ന് ആക്രോശിക്കുകയും അയാൾ നില്‍ക്കുന്ന സ്ഥലത്തെ കടവരാന്തയില്‍ വൃത്താകൃതിയില്‍ വരക്കുകയും ഭക്ഷണം അവിടെ വെച്ച് പോകാന്‍ പൊലീസുകാരോട് ആംഗ്യഭാഷയില്‍ ആവശ്യപ്പെടുകയും ചെയ്തു. പൊലീസുകാര്‍ അടുത്തേക്ക് വരുമ്പോൾ സ്വന്തം ഷര്‍ട്ട് കൊണ്ട് മുഖം മറക്കുന്നതും സമീപത്തെ കടയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ കാണാം.
-
Fabulous..just fabulous https://t.co/RaPyCypB5E
— lets stay indoors India 🇮🇳 (@ashwinravi99) April 10, 2020 " class="align-text-top noRightClick twitterSection" data="
">Fabulous..just fabulous https://t.co/RaPyCypB5E
— lets stay indoors India 🇮🇳 (@ashwinravi99) April 10, 2020Fabulous..just fabulous https://t.co/RaPyCypB5E
— lets stay indoors India 🇮🇳 (@ashwinravi99) April 10, 2020
കൊവിഡ് വ്യാപനം തടയുന്നതില്‍ കേരളം പുലർത്തിയ ജാഗ്രതയും കൈവരിച്ച വിജയവും അന്തർദേശീയ മാധ്യമങ്ങളില്‍ വരെ ചർച്ചയാകുമ്പോഴാണ് കരുതലിന്‍റെ മഹത്തായ മാതൃകയുടെ ദൃശ്യങ്ങൾ തരംഗമാകുന്നത്. ട്വിറ്ററില്‍ പങ്കുവെച്ച ഈ വീഡിയോ ദൃശ്യത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ അടക്കമുള്ളവർ ഈ ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഐതിഹാസികം, തികച്ചും ഐതിഹാസികം എന്നാണ് അശ്വിൻ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് എഴുതിയത്. നിരവധി ആളുകളാണ് ട്വിറ്ററില്‍ പങ്കുവെച്ച ദൃശ്യത്തിന് കമന്‍റുകളുമായി രംഗത്തെത്തിയത്. സർക്കാരിനും പൊലീസിനും അഭിനന്ദനം നിറയുന്നതിനൊപ്പം നാടോടി യുവാവിന്‍റെ ജാഗ്രതയും ചർച്ചയാണ്.