തിരുവനന്തപുരം: അസംതൃപ്‌തരുടെ ആത്മഹത്യ മുനമ്പായി കേരള പൊലീസ് സേന മാറുന്നു എന്ന വിലയിരുത്തലില്‍ പൊലീസ് തലപ്പത്തെ ഉന്നതര്‍. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 15ന് തൃശൂര്‍ ടൗണ്‍ സ്‌റ്റേഷന്‍റെ മുകള്‍ നിലയില്‍ കൊല്ലം മുഖത്തല സ്വദേശിയായ ഗീതു കൃഷ്‌ണന്‍ എന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഏറ്റവുമൊടുവിലായി ആത്മഹത്യ ചെയ്‌ത സംഭവം കൂടിയായതോടെയാണ് രണ്ടു ദിവസം മുന്‍പ് ഡിജിപി വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തില്‍ ഇക്കാര്യം ഗൗരവ ചര്‍ച്ചയായത് (Officers committed suicide in kerala police force).
4 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്‌തത് 69 സേനാംഗങ്ങള്‍ എന്നാണ് യോഗത്തിലവതരിപ്പിച്ച കണക്ക് വ്യക്തമാക്കുന്നത്. 2019 ല്‍ 18 പേരും 2020 ല്‍ 10 പേരും 2021 ല്‍ 8 പേരും 2022 പേരില്‍ 20 പേരും 2023 ല്‍ ഇതുവരെ 13 പേരുമാണ് ആത്മഹത്യചെയ്‌തത്. ഏറ്റവുമധികം ആത്മഹത്യ തിരുവനന്തപുരം റൂറലിലാണ്. 7 വീതം ആത്മഹത്യ നടന്ന ആലപ്പുഴ ജില്ലയും എറണാകുളം റൂറലുമാണ് രണ്ടാം സ്ഥാനത്ത്.
പ്രാഥമികമായി നടത്തിയ അന്വേഷണത്തില്‍ 30 പേര്‍ ആത്മഹത്യ ചെയ്‌തത് കുടുംബപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്നും ആരോഗ്യ കാരണങ്ങളാല്‍ 5 പേരും വിഷാദ രോഗത്താല്‍ 20 പേരും ജോലി സമ്മര്‍ദ്ദത്താല്‍ 7 പേരും ആത്മഹത്യ ചെയ്‌തു എന്നാണ് വിലയിരുത്തല്‍. രണ്ടു പേര്‍ ആത്മഹത്യ ചെയ്‌തതിന്‍റെ കാരണം വ്യക്തമല്ല.
ഇതോടൊപ്പം കേരള പൊലീസില്‍ സ്വയം വിരമിക്കുന്നവരുടെ എണ്ണവും കൂടി വരുന്നു എന്ന കണ്ടെത്തലും യോഗത്തിലുണ്ടായി. 169 സേനാംഗങ്ങളാണ് 4 വര്‍ഷത്തിനിടെ സ്വയം വിരമിക്കലിന്(വിആര്‍എസ്) അപേക്ഷ നല്‍കിയത്.
ഇതില്‍ 7 പേര്‍ വിദേശത്ത് ജോലിക്കു വേണ്ടിയും 3 പേര്‍ സ്വയം സംരംഭം തുടങ്ങുന്നതിനുമാണെങ്കിലും 3 പേര്‍ അപേക്ഷ നല്‍കിയത് മേലുദ്യോഗസ്ഥരുടെ മോശം പെരുമാറ്റം കൊണ്ടാണ്. 27 പേര്‍ വിആര്‍എസിന് അപേക്ഷിച്ചത് കുടുംബ പ്രശ്‌നങ്ങള്‍ മൂലമാണ്.
അതേസമയം ശാസ്ത്രീയമായി ഡ്യൂട്ടി പരിഷ്‌കരണം വേണം ആത്മഹത്യ സംബന്ധിച്ച ഒരു ശാസ്ത്രീയ പഠനത്തിന് പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും അമിതമായ ജോലി ഭാരവുമാണ് ആത്മഹത്യയുടെ പ്രധാന കാരണങ്ങള്‍ എന്ന് യോഗത്തില്‍ വിലയിരുത്തലുണ്ടായി. ചില സ്‌റ്റേഷനുകളില്‍ 16 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ട സാഹചര്യമുണ്ട്. ഇതു പരിഗണിച്ച് ശാസ്ത്രീയമായി ഡ്യൂട്ടി പരിഷ്‌കരണം വേണം എന്ന് യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. ഇക്കാര്യം സര്‍ക്കാരിന്‍റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. ഏറെ നാളായി സേനാംഗങ്ങളും അസോസിയേഷനും ഇക്കാര്യം ഉന്നയിച്ചു വരികയാണ്.
ഷേക്ക് ദര്‍വേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ ശേഷമാണ് ഇത്തരത്തില്‍ താഴെക്കിടയിലുള്ള പൊലീസുകാരുടെ പ്രശ്‌നങ്ങള്‍ കൂടി പൊലീസിന്‍റെ ഉന്നതതല യോഗത്തില്‍ ഗൗരവമായ ചര്‍ച്ചയ്ക്ക് വിധേയമാകുന്നതെന്നത് ശ്രദ്ധേയമാണ്.