കോഴിക്കോട്: പട്ടിണി നിറഞ്ഞ ദുരിത കാലം ഒരിക്കല്‍ പോലും ഓർക്കാൻ ഒരാളും ആഗ്രഹിക്കില്ല. പക്ഷേ ഈ കൊറോണക്കാലം മലയാളിയെ പലതും ഓർമിപ്പിക്കുകയാണ്. നാട്ടുരുചികളിലേക്ക് മടങ്ങാൻ...പട്ടിണിക്കാലത്ത് അന്നം തേടിയലഞ്ഞ മനുഷ്യൻ വിശപ്പകറ്റാൻ കണ്ടെത്തിയ മാർഗമായിരുന്നു പന. തെങ്ങിനോളം തന്നെ പ്രാധാന്യമുള്ള പന വറുതിക്കാലത്ത് മനുഷ്യന്‍റെ അവസാന ആശ്രയമായിരുന്നു.
മലബാറിലെ മലയോര ഗ്രാമങ്ങളില്‍ പട്ടിണിക്കാലത്ത് പന വീഴുന്നത് ആശ്വാസമാണ്. വെട്ടിയിട്ട പന മുറിച്ച് കഷ്‌ണങ്ങളാക്കി, ഉരലില്‍ ഇടിച്ച് പൊടിയാക്കി, പനംകഞ്ഞിയുണ്ടാക്കും. പനപ്പൊടിയില്‍ നിന്നും അടയും ദോശയും പത്തിരിയുമുണ്ടാക്കി പട്ടിണിക്കാലത്തെ അതിജീവിച്ചവരാണ് കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിക്കാർ. ഈ കൊവിഡ് കാലത്തും കൂടരഞ്ഞിയില്‍ പന വീണു. ഓർമയില്‍ മാത്രം പട്ടിണിക്കാലമുള്ളവരാണ് ഇപ്പോഴുള്ളത്. മുറിച്ചട്ട പനയുടെ കഷ്‌ണത്തിനായി നാട്ടുകാർ ഒന്നിച്ചെത്തി. പനയുടെ ഉൾക്കാമ്പ് ഒരു ഉരലിൽ രണ്ടും മൂന്നും പേർ ഒന്നിച്ച് ഇടിച്ച് പൊടിയാക്കുമ്പോൾ ആ പഴയ മനോഹര നാട്ടുകാഴ്‌ചകൾ തിരിച്ചെത്തി. പനംകഞ്ഞിക്കൊപ്പം അടുക്കളയില്‍ നിന്ന് നമ്മൾ പടിയിറക്കി വിട്ട താളും തകരയും ചേമ്പും ചേനയും കപ്പയുമെല്ലാം അതിനൊപ്പം തിരിച്ചെത്തി.
കൊവിഡ് കാലം ലോക്ക് ഡൗണായി മാറിയപ്പോൾ പ്രകൃതിയും മനുഷ്യനും സ്വാഭാവികത വീണ്ടെടുക്കുകയാണ്. പൊറോട്ടയ്ക്ക് പകരം പനംകഞ്ഞി കുടിക്കാൻ ഈ ലോക്ക് ഡൗൺ കാലത്ത് മലയാളി ശീലിക്കുമ്പോൾ കൂടരഞ്ഞിയിലെ നന്മ വറ്റാത്ത മനുഷ്യർ കൈമാറുന്നത് മലയാളിയുടെ യഥാർഥ കാർഷിക-ഭക്ഷണ സംസ്‌കാരം കൂടിയാണ്. ഈ കൊവിഡ് കാലം മലയാളി തിരിച്ചു നടക്കുകയാണ് പഴമയിലേക്കും നന്മയിലേക്കും...