കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ഥികളുടെ വര്‍ണപ്പോസ്റ്ററുകളും ക്ഷണക്കത്തുകളുമായി സജീവമാവുകയാണ് പ്രിന്‍റിങ് മേഖല. സ്ഥാനാര്‍ഥിയുടെ ചിരിക്കുന്ന പടം തന്നെ വെക്കണം. പിന്നെ ചിഹ്നവും വോട്ടഭ്യര്‍ഥനയും ചേര്‍ക്കണം. 'വിലയേറിയ വോട്ടുനല്‍കാന്‍' അഭ്യര്‍ഥിക്കണം. എല്ലാം ചേര്‍ത്ത് മനോഹരമാക്കി വേണം ഡിസൈന്‍ ചെയ്യാന്‍. അതുകഴിഞ്ഞ് പ്ലേറ്റാക്കി മെഷീനിലേക്കു കയറ്റണം. വര്‍ണങ്ങള്‍ നിറച്ച മെഷിനുകള്‍ക്കിടയിലൂടെ സ്ഥാനാര്‍ഥികളെയും പേറി പേപ്പറുകള്‍ സഞ്ചരിക്കും. കയറിമറിഞ്ഞ് പുറത്തെത്തുമ്പോഴേക്കും നല്ല ഒന്നാന്തരം പോസ്റ്ററുകള്‍. ചിരിച്ചും വോട്ടഭ്യര്‍ഥിച്ചും സ്ഥാനാര്‍ഥികള്‍.
തെരഞ്ഞെടുപ്പ് കാലം സമാഗതമായതോടെ കൊറോണയില്‍ തകര്‍ന്നടിഞ്ഞ പ്രിന്‍റിങ് മേഖല ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. പൊതുപരിപാടികള്‍ ഇല്ലാത്തതിനാല്‍ മാസങ്ങളോളമാണ് അച്ചടി മുടങ്ങിയത്. എഫോര്‍ സൈസ്, ഡമ്മി, വോള്‍ പോസ്റ്റര്‍, ലോങ് പോസ്റ്റര്‍ തുടങ്ങിയവ ആവശ്യക്കാര്‍ക്കു വേണ്ട പോലെ അടിച്ചു നല്‍കും. നോട്ടീസുകള്‍, അഭ്യര്‍ഥനകത്ത്, ക്ഷണക്കത്ത് തുടങ്ങിയവയ്ക്കും ആവശ്യക്കാരുണ്ട്. ഒരു കൂട്ടര്‍ ഭരണനേട്ടം അച്ചടിക്കുമ്പോള്‍ മറുപക്ഷം കുറ്റപത്രം അച്ചടിക്കും. ഇരുപക്ഷത്തിനും വേണം പ്രകടനപത്രികകള്‍. അങ്ങനെ മുന്നണികളുടെ ഇലക്ഷന്‍ പോരു മുറുകുമ്പോള്‍ പ്രിന്‍റിങ് പ്രസുകളിലെ മെഷിനുകൾക്കും ചൂടേറുകയാണ്.