കോഴിക്കോട് : ഈ മാസം ഓഗസ്റ്റ് 18ന് മുമ്പ് മുഴുവൻ ആളുകൾക്കും ഓണക്കിറ്റ് വിതരണം ചെയ്യാനാവില്ലെന്ന് റേഷന്‍ വ്യാപാരികള്‍. ആവശ്യത്തിന് കിറ്റുകൾ റേഷൻ കടകളിലെത്തുന്നില്ല എന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
അണ്ടിപ്പരിപ്പ് ചെറുപയർ, കടല തുടങ്ങിയവയുടെ ലഭ്യതക്കുറവാണ് പ്രധാന പ്രതിസന്ധി. ഈ രീതിയിലാണ് കിറ്റ് വിതരണം നടക്കുന്നതെങ്കിൽ ഓണം കഴിഞ്ഞാലും വിതരണം പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഒട്ടുമിക്ക കുടുംബങ്ങൾക്കും കിറ്റ് ലഭിച്ചു. എന്നാൽ തൊട്ടടുത്ത പിങ്ക് കാർഡ് ഉടമകളിൽ 20 ശതമാനത്തിന് മാത്രമാണ് ഓണക്കിറ്റ് ലഭിച്ചത്.
Also Read: ഐപിആര്‍ കൂടിയാല്‍ വ്യാഴാഴ്ച മുതല്‍ കര്‍ശന ലോക്‌ഡൗൺ
മുൻഗണനാക്രമത്തിലുളള മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് കഴിഞ്ഞ ശനിയാഴ്ചയ്ക്കകം കിറ്റ് വിതരണം പൂർത്തിയാക്കാനായിരുന്നു സർക്കാർ നിർദേശം. എന്നാൽ ഈ രണ്ട് ഗണത്തിലുമായി സംസ്ഥാനത്താകെ 35 ലക്ഷത്തോളം ഗുണഭോക്താക്കളുണ്ടെന്നിരിക്കെ വെറും എട്ടുലക്ഷം കിറ്റുകൾ മാത്രമാണ് വിതരണം ചെയ്‌തത്.
ഇനി സാധനങ്ങൾ ലഭിച്ചാൽ തന്നെ പായ്‌ക്കിങ്ങിലെ കാലതാമസവും കിറ്റ് വിതരണത്തെ ബാധിക്കും. നിലവിലെ കാലതാമസത്തിന് പുറമെ കിറ്റുവിതരണം ചെയ്‌ത വകയിൽ റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള കമ്മിഷൻ കഴിഞ്ഞ പത്തുമാസമായി മുടങ്ങിക്കിടക്കുകയാണ്.
ഓണക്കാലത്തെങ്കിലും കുടിശ്ശിക തന്നുതീർക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. എന്നാൽ കിറ്റ് വിതരണം സേവനമായി കണക്കാക്കണമെന്നാണ് പുതിയ ഭക്ഷ്യമന്ത്രി ജിആർ അനിൽ വ്യാപാരികളോട് പറഞ്ഞത്. മന്ത്രിയുടെ നടപടിക്കെതിരെ ഓഗസ്റ്റ് 17ന് പട്ടിണി സമരം നടത്താനാണ് റേഷൻ വ്യാപാരികളുടെ സംഘടനാതീരുമാനം.