കോഴിക്കോട് : രഞ്ജി ട്രോഫി ക്രിക്കറ്റിൽ തുടർച്ചയായി മൂന്ന് ഇന്നിങ്സുകളിൽ സെഞ്ച്വറി നേടിയ ഏക കേരള താരമാണ് രോഹൻ എസ് കുന്നുമ്മൽ. കൊയിലാണ്ടി കൊല്ലം പിഷാരികാവ് സ്വദേശിയും 23 കാരനുമായ വലംകൈയ്യൻ ഓപ്പണിംഗ് ബാറ്റ്സ്‌മാന്‍ ലക്ഷ്യമിടുന്നത് രാജ്യത്തിന് വേണ്ടി ജഴ്‌സി അണിയുക എന്നതാണ്.
രാജ്കോട്ടിൽ ഗുജറാത്തിനെതിരെ രണ്ട് ഇന്നിങ്സുകളിലും അതിന് മുമ്പ് മേഘാലയക്കെതിരെയും സെഞ്ച്വറി നേടിയ രോഹൻ കൂച്ച് ബിഹാർ ട്രോഫിയിൽ ഫിറോസ് ഷാ കോട്‌ലയില്‍ 253 റണ്‍സെടുത്ത് പുറത്താകാതെയും നിന്നിരുന്നു.
അഞ്ചാം വയസിലാണ് പ്രൊഫഷണലായി പരിശീലനം തുടങ്ങിയത്. പതിനൊന്നാം വയസിൽ രോഹൻ ജില്ല ടീമിൽ ഇടം പിടിച്ചു. പിന്നീട് അണ്ടർ 14 കേരള ടീമിലും അണ്ടർ 19 ഇന്ത്യൻ ടീമിലുമെത്തി. സച്ചിൻ ടെന്‍ഡുല്‍ക്കറെ റോൾ മോഡലാക്കി മൈതാനത്തിറങ്ങിയ രോഹൻ കവർ ഡ്രൈവിൽ വിദഗ്‌ധനാണ്. നാട്ടിലെത്തിയാൽ വീട്ടുമുറ്റത്തും വരാന്തയിലും ക്രിക്കറ്റ് പരിശീലനമാണ്. താൻ ആഗ്രഹിച്ച ഉന്നതിയിൽ എത്താൻ കഴിയും എന്ന വലിയ ആത്മവിശ്വാസം രോഹനുണ്ട്.
Also Read: രഞ്ജി ട്രോഫി : മേഘാലയക്കെതിരെ കേരളത്തിന് ലീഡ് ; രോഹന്‍ കുന്നുമ്മലിന് സെഞ്ച്വറി
പിതാവ് കുന്നുമ്മൽ വീട്ടിൽ സുശീലിൻ്റെ നിശ്ചയദാർഢ്യമാണ് രോഹന്‍റെ വിജയത്തിന് പിന്നിലെ ഊർജം. എ ഡിവിഷൻ ക്രിക്കറ്റ് ലീഗിലൊക്കെ സജീവമായിരുന്ന സുശീലിൻ്റെ ക്രിക്കറ്റ് ഭ്രമമാണ് രോഹനെ ഈ ഉയരത്തിലെത്തിച്ചത്. സുനിൽ ഗവാസ്‌കര്‍ മകന് രോഹൻ എന്ന് പേരിട്ടപ്പോൾ സുശീലും മകന് അതേ പേരിട്ടു.
ഇനി രാജ്യത്തിന് വേണ്ടി മകൻ മൈതാനത്ത് ഇറങ്ങുന്നതിനുള്ള കാത്തിരിപ്പിലാണ് സുശീല്‍. അച്ഛനോടാണ് എല്ലാറ്റിനും കടപ്പാടെന്നും തന്നേക്കാളേറെ ഇതിനായി പ്രയത്നിച്ചത് അച്ഛനാണെന്നും രോഹന്‍ പറയുന്നു.