കോഴിക്കോട്: ബിഹാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച റെയിൽവെ ഉദ്യോഗസ്ഥയും ബാസ്‌കറ്റ് ബോൾ താരവുമായിരുന്ന കെ.സി ലിതാരയുടെ വീട്ടിൽ അജ്‌ഞാതരുടെ ഭീഷണി. അജ്‌ഞാതരായ രണ്ട് ഉത്തേരേന്ത്യക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കുറ്റ്യാടി പാതിരപ്പറ്റയിലെ വീട്ടിലെത്തിയവർ ബലമായി മുദ്രപത്രത്തിൽ ഒപ്പു വെപ്പിക്കാൻ ശ്രമിച്ചെന്നും ലിതാരയുടെ അമ്മ ലളിത നല്‍കിയ പരാതിയിൽ പറഞ്ഞു.
രവിസിംഗിൻ്റേയും ലളിതയുടേയും ഫോട്ടോ പതിപ്പിച്ച മുദ്രപത്രത്തിലാണ് ഒപ്പിടാൻ നിർബന്ധിച്ചത്. പരാതിയില്ലെന്ന് അറിയിച്ച് കേസ് പിൻവലിച്ചാൽ 25 ലക്ഷം രൂപ നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തതായും പറഞ്ഞു. ഇത് വിസമ്മതിച്ചതോടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി.
ബഹളം വെച്ചതോടെ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നെന്നും ലളിത കുറ്റ്യാടി പൊലീസിൽ പരാതി നൽകി. വെള്ളം ആവശ്യപ്പെട്ടാണ് പാൻ്റ്സും ഷർട്ടും ധരിച്ച ഹിന്ദി സംസാരിക്കുന്നവർ ചൊവ്വാഴ്‌ച ഉച്ചക്ക് ശേഷം വീട്ടിലെത്തിയത്. ആ സമയത്ത് ലളിത തനിച്ചായിരുന്നു.
ലിതാരയുടെ തിരിച്ചറിയൽ കാർഡാണ് വന്നവർ ആദ്യം ആവശ്യപ്പെട്ടത്. ലിതാരയുടെ മരണവുമായി ബന്ധപ്പെട്ട് കോച്ച് രവിസിംഗിനെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് ഭീഷണിയെന്നും അയൽവാസി നിഷാന്ത് പറഞ്ഞു. 2022 ഏപ്രിൽ 26 നാണ് പാറ്റ്നയിൽ ഫ്ലാറ്റിൽ ബാസ്‌ക്കറ്റ് ബോള്‍ താരം കെസി ലിതാരയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസ് പരിശോധനയില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. കോച്ച് രവി സിംഗിനെതിരെ ഗുരുതര ആരോപണമുയര്‍ന്നതോടെ കുടുംബം പരാതി നൽകുകയായിരുന്നു. കോച്ച് നിരന്തരം ശല്യം ചെയ്യുകയാണെന്ന് ലിതാര നേരത്തെ പറഞ്ഞിരുന്നതായും ബന്ധുക്കൾ നല്‍കിയ പരാതിയിൽ വ്യക്തമാക്കി.
കൊല്‍ക്കത്തയിലെ പരിശീലനത്തിനിടെ കോച്ച് അപമര്യാദയായി പെരുമാറി. ലിതാര ഇതിനെ എതിർത്തു. പിന്നാലെ കോച്ച് രവി സിംഗ് മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
ALSO READ:ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണം; ആരോപണവിധേയനായ പരിശീലകനെ സസ്‌പെന്‍ഡ് ചെയ്‌തു
ഇക്കാര്യം വിശദമാക്കി, അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാട്‌ന പൊലീസിനും ബന്ധുക്കൾ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ രണ്ട് പേർ ലിതാരയുടെ വീട്ടിലെത്തിയത് താരത്തിന്‍റെ മരണത്തിലെ ദുരൂഹത വർധിപ്പിക്കുകയാണ്.