കോഴിക്കോട്: എല്ലാവർക്കും ആരോഗ്യ പരിരക്ഷ (Health Care) എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കാരുണ്യ പദ്ധതി (Karunya Scheme) തകിടം മറിയുന്നു. സ്വകാര്യ ആശുപത്രികൾ (Private Hospitals) പദ്ധതി സേവനം ഒക്ടോബർ ഒന്ന് മുതൽ നിർത്താനിരിക്കുകയാണ്. സർക്കാർ ആശുപത്രികളിലാവട്ടെ തട്ടിയും മുട്ടിയും മുന്നോട്ടുപോകുന്ന സേവനം എന്നും നിലയ്‌ക്കാവുന്ന അവസ്ഥയിലും.
സര്‍ക്കാര്‍ ആശുപത്രികളിലെ വിദഗ്‌ധ ചികിത്സകൾ മുടങ്ങുന്ന അവസ്ഥയാണ്. എംപാനൽ ലാബ്, സർജിക്കൽ ഉപകരണങ്ങൾ നൽകുന്ന കമ്പനികൾ, ഫാർമസികൾ (Pharmacies) എന്നിവരും പരിപാടി അവസാനിപ്പിച്ചു. എക്‌സ് റേ മുതൽ ആശുപത്രിയിൽ നിന്ന് ചെയ്യുന്ന ടെസ്‌റ്റുകളെയെല്ലാം ഇത് ബാധിച്ചു തുടങ്ങി.
എന്തുകൊണ്ട് അവസാനിപ്പിക്കുന്നു: കേന്ദ്ര സംസ്ഥാന ഹെൽത്ത് മിഷൻ്റെ കീഴിൽ ഒരു വർഷം 1600 കോടി രൂപക്ക് മുകളിലാണ് കാരുണ്യ പദ്ധതിക്കായുള്ള നീക്കിവെപ്പ്. 42 ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് ആശ്വാസകരമാകേണ്ട പദ്ധതി. നിലവിൽ 867 കോടി രൂപക്ക് മുകളിലാണ് പദ്ധതിയുടെ കുടിശിക. സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാന സർക്കാറിൻ്റെ വിഷയം. കേന്ദ്രം കനിയുന്നില്ല എന്നത് പരാതിയും.
കഴിഞ്ഞ നാല് മാസമായി പദ്ധതി അവതാളത്തിലാണ്. സെപ്റ്റംബർ 14 ന് ശേഷം പദ്ധതിയുടെ സൈറ്റും നിശ്ചലമാണ്. അപ്ഡേഷൻ നടക്കുകയാണെന്നാണ് ചുമതലയുള്ള ഡിസ്ട്രിക്റ്റ് പ്രോഗ്രാം കോർഡിനേഷൻ ഓഫിസിൽ നിന്നുള്ള വിശദീകരണം. ഇത് ഈ വര്‍ഷമെങ്കിലും ശരിയാവുമോ എന്ന് വിളിച്ച് ചോദിക്കുന്നവരുമുണ്ട്. ഉദ്യോഗസ്ഥരെ പഴിച്ചിട്ട് എന്ത് കാര്യമെന്നും ധൂർത്തടിക്കുമ്പോൾ ഓർക്കേണ്ടിയിരുന്നുവെന്ന് പരിതപിക്കുന്നവർ വേറെയും. ഇനി കാരുണ്യ ഹെൽത്ത് കാർഡ് പുതുക്കിയവർക്കാവട്ടെ ഭൂരിഭാഗത്തിനും പ്രയോജനം ലഭിക്കുന്നുമില്ല. രജിസ്‌റ്റർ ചെയ്യുമ്പോൾ നൽകിയ ഡാറ്റ പോലും കാണാൻ പറ്റാത്ത അവസ്ഥയുമുണ്ട്.
ഭീഷണി നേരിട്ട് ശ്രുതി തരംഗവും: മാത്രമല്ല ശ്രുതി തരംഗം പദ്ധതിയും അപായ സൂചനയുടെ വക്കിലാണ്. ശസ്ത്രക്രിയ നിലച്ചില്ലെങ്കിലും ഇംപ്ലാൻ്റ് ഉപകരണങ്ങൾ ലഭിക്കാതായാൽ അതും നിശ്ചലമാകും. സ്വകാര്യ മേഖലയിൽ പല ആശുപത്രികളും ഒക്ടോബര്‍ ഒന്നുമുതല്‍ കാരണ്യ പദ്ധതി പ്രകാരമുള്ള സഹായം ലഭ്യമാക്കില്ലെന്ന് ബോര്‍ഡ് വരെ ഉയർത്തി കഴിഞ്ഞു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തരമായി 104 കോടി അനുവദിച്ചെങ്കിലും കുടിശിക മുഴവന്‍ തീര്‍ക്കണമെന്നാണ് സ്വകാര്യ ആശുപത്രികള്‍ ആവശ്യപ്പെടുന്നത്.
200 കോടിയോളം വരുന്ന കുടിശിക ഇനിയും ആശുപത്രികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതേ തുടര്‍ന്നാണ് ഒക്ടോബര്‍ ഒന്ന് മുതല്‍ കാരുണ്യ പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുമെന്ന് സ്വകാര്യ ആശുപത്രികള്‍ അറിയിച്ചത്. രോഗങ്ങൾ പതിവില്ലാത്ത രീതിയിൽ വർധിച്ച് വരുന്ന ഈ കാലത്ത് ഒരു ഗതിയുമില്ലാത്തവരെ സർക്കാർ കൈയൊഴിഞ്ഞാൽ അതിൻ്റെ പരിണതഫലം അതിസങ്കീർണമായിരിക്കും.
Also Read: കാരുണ്യയുടെ കുടിശിക 500 കോടി, കെ.എം മാണിയുടെ പദ്ധതികളെ പിണറായി കൊല്ലാക്കൊല ചെയ്‌തെന്ന് കെ.സുധാകരൻ