കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തില്‍ ഇരുവഴഞ്ഞിപ്പുഴയ്ക്ക് കുറുകെ വൈശ്യംപുറത്തേക്ക് പാലം പണി തുടങ്ങിയിട്ട് രണ്ട് ദശാബ്‌ദമാകുന്നു. ഇരുപത് വർഷം മുമ്പ് പഞ്ചായത്തിന്‍റെ വക മൂന്ന് ലക്ഷം രൂപ, പിന്നെ സർക്കാർ വക 2017 ൽ മൂന്ന് കോടി, വീണ്ടും സർക്കാർ വക 2020ൽ ഒരു കോടി 34 ലക്ഷം. നാളിതുവരെ നാലുകോടു മുപ്പത്തിയേഴ് ലക്ഷം രൂപ ചെലവഴിച്ചുവെന്ന് അധികൃതര്‍ വീമ്പ് പറയുന്നുണ്ടെങ്കിലും പാലമെന്ന നാട്ടുകാരുടെ സ്വപ്‌നം ഇന്നും സഫലമായിട്ടില്ല. കാരശ്ശേരി പഞ്ചായത്തിൽ ഇരുവഴഞ്ഞിപുഴക്ക് കുറുകെ വൈശ്യംപുറം കടവിലാണ് പാലത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നത്.
കണ്ണെത്തുന്ന ദൂരത്തിൽ സഞ്ചരിക്കണമെങ്കിൽ ഏറെ ദൂരം ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണുള്ളത്. 2021 ഫെബ്രുവരി 16ന് പാലത്തിന്‍റെ നിർമാണ ഉദ്ഘാടനം നടത്തിയിരുന്നു. എന്നാൽ ഉദ്ഘാടനം ചെയ്‌ത് പോയതല്ലാതെ പാലത്തിന്‍റെ പണി ഒരിഞ്ചുപോലും മുന്നോട്ട് നീങ്ങിയില്ല. ഓരോതവണയും ഫണ്ട് അനുവദിക്കുമ്പോൾ ഇരുകരകളിലും ഉള്ളവർ പാലത്തിന് വേണ്ടി വലിയ പ്രതീക്ഷ അർപ്പിച്ചിരുന്നു.
അധികൃതർക്ക് മുന്നിൽ പലതവണ കയറിയിറങ്ങിയിട്ടും കാരശ്ശേരി വൈശ്യംപുറം പാലത്തിനോട് മാത്രം മുഖം തിരിക്കുന്ന സമീപനമാണ് ഇപ്പോൾ കാണാനാവുന്നത്. പാലം നിർമ്മിക്കുന്നതിന് തടസം എന്താണെന്ന് കൃത്യമായ ഉത്തരവും നാട്ടുകാർക്ക് അധികൃതരിൽ നിന്ന് ലഭിച്ചില്ല. പാലം പണിക്കുള്ള ഫണ്ട് പഞ്ചായത്ത് തരം പോലെ വകമാറ്റുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
കാലം ഏറെ മാറി, നാടകെ പുരോഗമിച്ചു, ആവശ്യത്തിലേറെ ഫണ്ട് ലഭ്യമായിട്ടും വൈശ്യംപുറം കടവിൽ മാത്രം പാലത്തിന്‍റെ കാത്തിരിപ്പ് അനന്തമായി നീളുകയാണ്. പാലമെന്ന് കേട്ടാലേ മുഖം തിരിക്കുകയാണ് അധികാരികളെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ക്കുന്നു. കണ്ണെത്തുന്ന ദൂരം താണ്ടാന്‍ ഒരു ചെറുപാലം മതിയെന്നിരിക്കെ കണ്ണെത്താ ദൂരം ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍.