കോഴിക്കോട്: കോഴിക്കോട് കണ്ണഞ്ചേരി റെയിൽവേ അണ്ടർപാസ് നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചു. പുതിയൊരു അണ്ടർ പാസിനു വേണ്ടി പരിസരവാസികളുടെ ഏറെ വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഫണ്ട് അനുവദിച്ചത്. കണ്ണഞ്ചേരി റെയിൽവേ അണ്ടർപാസ് നിർമിക്കുന്നതിന് എം കെ മുനീർ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 3.5 കോടി രൂപയാണ് അനുവദിച്ചത്. കേന്ദ്ര റെയിൽവേ വകുപ്പ് ഡിപ്പോസിറ്റ് വർക്ക് ആയിട്ടാണ് പ്രവർത്തി നടത്തുക. തുക അനുവദിക്കുന്നതിനായി എം കെ മുനീർ എംഎൽഎ നൽകിയ കത്ത് തുടർനടപടികൾക്കായി കലക്ടർ ധനകാര്യ വകുപ്പിലേക്ക് അയച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവർത്തിയുടെ സാങ്കേതിക അനുമതിയും വാങ്ങി പ്രവർത്തി തുടങ്ങാനാകും.
മീഞ്ചന്ത രാമകൃഷ്ണമിഷൻ സ്കൂളിൽ മുൻപിൽ റെയിൽവേ ട്രാക്കിൽ ഇപ്പോഴുള്ള ഉയരംകുറഞ്ഞ അടിപ്പാതയുടെ ഭാഗത്താണ് ഗതാഗതയോഗ്യമായ അണ്ടർപാസ് നിർമ്മിക്കുക. കനത്ത മഴ കാലത്ത് നിറയെ വെള്ളം ഉള്ള സമയത്ത് ഒഴികെ ബാക്കി എല്ലാ സമയത്തും ഇതിലൂടെയാണ് കണ്ണഞ്ചേരി ഭാഗത്ത് നിന്നുള്ളവർ തളിയാടത്ത് ക്ഷേത്രം, പയ്യാനക്കൽ പരിസരങ്ങളിലേക്ക് പോകുന്നത്. അണ്ടർ പാസിൽ വെള്ളം കയറിയതിനാൽ ജനങ്ങൾ റെയിൽവേ ട്രാക്ക് മുറിച്ചാണ് യാത്ര ചെയ്യുന്നത്. റെയിൽവേ ട്രാക്കിന് ഇരുവശത്തും കൂടെയും ട്രെയിനുകൾ വരുന്നതിനാൽ വളരെ അപകടം പിടിച്ചതാണ് ഈ യാത്ര എന്നാണ് നാട്ടുകാർ പറയുന്നത്. മീഞ്ചന്ത രാമകൃഷ്ണമിഷൻ സ്കൂൾ, മീഞ്ചന്ത ഗവൺമെന്‍റ് ഹൈസ്കൂൾ എന്നിവിടങ്ങളിലേക്ക് പയ്യാനക്കൽ ഭാഗത്തുനിന്ന് വരുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾ സ്ഥിരമായി ഇടുങ്ങിയ അടി പാതയിലൂടെയാണ് യാത്ര ചെയ്യുന്നത്.