കോഴിക്കോട്: അല്‍പം കൗതുകമുണ്ടാക്കുന്ന, വ്യത്യസ്‌തമായൊരു വാർഷിക ആഘോഷം നടന്നിരിക്കുകയാണ്. കോഴിക്കോട് പേരാമ്പ്രയ്‌ക്കടുത്ത് കൂത്താളി സ്വദേശി കുന്നുമ്മൽ ബാലൻ്റെ വീട്ടിലാണ് ഈ ആഘോഷത്തിന് വേദിയായത്. എന്താ വിശേഷം എന്ന് ചോദിച്ചാൽ, കൈക്കോട്ട് പണിയിൽ ബാലന്‍ 50 വർഷം പൂർത്തിയാക്കിയതിൻ്റെ ആഘോഷം. അദ്ദേഹം തന്നെയാണ് ബാനർ കെട്ടി ആഘോഷത്തിന്‍റെ മുഖ്യ സംഘാടകനായത്.
കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നതും ബാലന്‍ തന്നെ. വാക്ക് പാലിക്കുന്നതിലും ജോലിയുടെ ഉത്തരവാദിത്തത്തിലും ഈ 68കാരനെ കഴിഞ്ഞേ നാട്ടുകാർക്ക് മറ്റൊരാളുള്ളൂ. അതുകൊണ്ട് നിരവധി പേരാണ് ജനുവരി എട്ടിന് നടന്ന ഈ ആഘോഷത്തിൽ പങ്കുചേർന്നത്. മാലയിട്ടും പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും അവർ ബാലനെ വരവേറ്റു. പ്രദേശത്തെ മുതിർന്ന പൗരൻ എം കുഞ്ഞിക്കണ്ണൻ അടിയോടി നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്‌തു.
ഭോപ്പാലിലും ബാലന്‍റെ കൈക്കോട്ട് പണി: സ്വാഗതവും അധ്യക്ഷനും എല്ലാം ബാലൻ തന്നെ. മാധവൻ നായർ, വേണു നായർ, ബാലൻ നായർ, പി.ടി ചന്ദ്രൻ, ഗോപാലൻ ജികെ, കുഞ്ഞി മാധവി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും. ബാലൻ എന്ത് നട്ടാലും അത് നന്നായി വളരും എന്നതും ഒരു പ്രത്യേകതയാണ്. അങ്ങനെ സർപ്പക്കാവുണ്ടാക്കാൻ ഭോപ്പാലിൽ വരെ പോയ കഥയുമുണ്ട്.
1973ൽ തൻ്റെ 18-ാം വയസിൽ മണ്ണിലേക്ക് ഇറങ്ങിയതാണ് ബാലൻ. അന്നുമുതൽ തനിക്കൊപ്പമുള്ള പണിയായുധങ്ങളും നാട്ടുകാർക്കായി പ്രദർശിപ്പിച്ചു. ആരോഗ്യമുള്ള കാലത്തോളം കൈക്കോട്ടുമായി കൃഷിയിടങ്ങളിൽ പൊന്നുവിളയിക്കാൻ ഇറങ്ങുമെന്ന് ബാലൻ്റെ മറുപടി പ്രസംഗത്തോടെ ആഘോഷ പരിപാടിയ്‌ക്ക് ശുഭം.