കോഴിക്കോട്: ബി.ജെ.പി പ്രവര്‍ത്തകന്‍ രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകത്തില്‍ പ്രതികരിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോപ്പുലര്‍ ഫ്രണ്ട് സംഘം വലിയ ഗൂഢാലോചന നടത്തി ചെയ്‌തതാണിത്. രഞ്ജിത്തിനെ പി.എഫ്.ഐ തെരഞ്ഞ് പിടിച്ച് കൊല്ലുകയായിരുന്നെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
വർഗീയ കലാപം ഉണ്ടാക്കാനാണ് പി.എഫ്.ഐയുടെ ലക്ഷ്യം. ആയിരക്കണക്കിന് ആളുകളെ പരിശീലിപ്പിച്ച് താലിബാൻ മാതൃക നടപ്പാക്കുകയാണ് പോപ്പുലർ ഫ്രണ്ട്. പൊലീസ് അക്രമികൾക്ക് കൂട്ടുനിൽക്കുകയാണ്. രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകത്തിന് പി.എഫ്.ഐയ്‌ക്ക് ധൈര്യം കിട്ടിയത് പൊലീസ് അവരെ സഹായിക്കുമെന്ന ഉറപ്പിൻമേലാണ്.
ALSO READ: ആലപ്പുഴയിലെ ഇരട്ട കൊലപാതകം: അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ബി.ജെ.പി - ആർ.എസ്.എസ് നേതാക്കളെയാണ് പൊലീസ് പിടികൂടുന്നത്. പൊലീസിന് ക്രമസമാധാനം പരിപാലിക്കാൻ അറിയില്ലെങ്കിൽ ഇക്കാര്യം കേന്ദ്രത്തെ അറിയിക്കണം. മുഖ്യമന്ത്രി ഒഴുക്കൻ മട്ടിലാണ് പ്രതികരിക്കുന്നത്. സർക്കാർ പോപ്പുലർ ഫ്രണ്ടിനൊപ്പം നിൽക്കുകയാണ്.
പി.എഫ്.ഐ പൊതു വിപത്താണ്. എസ്.ഡി.പി.ഐ നേതാവ് കൊല്ലപ്പെട്ടതിൽ ആർ.എസ്.എസ് - ബി.ജെ.പിയ്ക്ക് പങ്കില്ല. എസ്.ഡി.പി.ഐ - സി.പി.എം സംഘർഷം നിലനിന്നിരുന്ന പ്രദേശത്താണ് കൊലപാതകം നടന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.