കോഴിക്കോട്: കേരള മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെയും ഉപജാപക സംഘങ്ങളുടെയും കേന്ദ്രമായി മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. പൊലീസ് സേനയിലുണ്ടായ ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ മാത്രം നടത്തിയതല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നിട്ടുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കോഴിക്കോട് മീറ്റ് ദ പ്രസിൽ ആരോപിച്ചു.
അഴിമതിയിൽ ഉദ്യോഗസ്ഥരോ ഡിജിപിയോ മാത്രമല്ല പങ്കാളികളെന്നും രാഷ്ട്രീയ നേതൃത്വത്തിന് ഇതിൽ പങ്കുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ കാർബൺ കോപ്പിയായി മാറിയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിൽ കേന്ദ്ര കമ്മിറ്റി നയമാണോ കേരളത്തിലെ സിപിഎമ്മിനുള്ളതെന്ന് ജനങ്ങളോട് തുറന്ന് പറയണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു. മുസ്ലീം ലീഗിനെ കുറിച്ച് പറഞ്ഞ അഭിപ്രായത്തിൽ ഉറച്ച് നിൽക്കുന്നതായും സുരേന്ദ്രൻ പറഞ്ഞു. ലീഗിൽ ചില അണികൾ മുതൽ നേതാക്കൾ വരെ ദേശവിരുദ്ധരാണെന്ന കാര്യത്തിൽ തർക്കമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.