കോഴിക്കോട്: പലസ്‌തീൻ വിഷയത്തിൽ ശശി തരൂർ പ്രസംഗിച്ചത് കോൺഗ്രസ് നിലപാടല്ലെന്ന് കെ മുരളീധരൻ. ഉപാധികളില്ലാത്ത പിന്തുണയാണ് പലസ്‌തീന് കോൺഗ്രസ് നൽകുന്നത്. ഹമാസ് നടത്തുന്നത് ഭീകരപ്രവർത്തനമല്ലെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ശശി തരൂരിൻ്റെ പൊതുവായ പ്രസംഗം പലസ്‌തീന് അനുകൂലമാണ്. എന്നാൽ ഒരു വാചകം പാർട്ടി നിലപാടല്ല. ആ വാചകത്തിന്‍റെ പേരിൽ തരൂരിനെ ക്രൂശിക്കുന്നത് ശരിയല്ല. ഇസ്രായേൽ വിരുദ്ധ നിലപാടുള്ളയാളാണ് തരൂർ. ബിജെപിക്ക് എതിരായും നിലപാട് സ്വീകരിക്കുന്നയാളാണ് അദ്ദേഹം.
ഹമാസിൻ്റേത് ഭീകര പ്രവർത്തനമാണെന്ന് പറഞ്ഞ കോൺഗ്രസ് നേതാക്കളെ പാർട്ടി തിരുത്തിയിരുന്നു. ബിജെപിയുടെ തരൂർ സ്നേഹത്തിന് ചില ലക്ഷ്യങ്ങൾ ഉണ്ട്. വിവാദങ്ങൾ തിരുവനന്തപുരത്ത് ബിജെപിയ്‌ക്ക് ഗുണം ചെയ്യും.. ഇക്കാര്യം തരൂർ ശ്രദ്ധിക്കുമെന്ന് കരുതുന്നതായും മുരളീധരൻ വ്യക്തമാക്കി.
പലസ്‌തീൻ വിഷയത്തിൽ സിപിഎമ്മിന് അഴകൊഴമ്പൻ സമീപനമാണ്. ഗോവിന്ദൻ മാഷ് തരൂരിനെ തള്ളാതെയും ജില്ല സെക്രട്ടറി മോഹനൻ മാഷ് തള്ളിപ്പറഞ്ഞും നിലപാടെടുത്തു. മോഹനൻ മാഷ് ആദ്യം കെ.കെ ശൈലജയെ തിരുത്തണം.
അതേസമയം സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മുരളീധരൻ പ്രതികരിച്ചു. സുരേഷ് ഗോപി ഇടക്കാലത്ത് ട്രാക്ക് തെറ്റിയാണ് സഞ്ചരിക്കുന്നത്. സമൂഹത്തിലെ നിയമങ്ങൾ പാലിക്കണമെന്നും എല്ലാ കാര്യങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും അദ്ദഹം പറഞ്ഞു.
തെലങ്കാനയിൽ സിപിഎമ്മിനും സിപിഐക്കും വിട്ടുകൊടുക്കുന്ന സീറ്റിന്‍റെ കാര്യത്തിൽ ചർച്ച തുടർന്നതിനാലാണ് സ്ഥാനാർഥി നിർണയം വൈകിയത്. ഉടൻ തന്നെ അവശേഷിക്കുന്ന സീറ്റുകളിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നും കെ മുരളീധരൻ പറഞ്ഞു.