കോഴിക്കോട്: യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം അന്തിമഘട്ടത്തിൽ എത്തിയപ്പോഴും വടകരയിലെ സ്ഥാനാർഥിയെ തീരുമാനിച്ചിരുന്നില്ല. എൽഡിഎഫിന്റെ സ്ഥാനാർഥി പി ജയരാജനോട് കിടപിടിക്കാവുന്ന നേതാക്കളെ വടകരയിൽ നിർത്തണമെന്ന ചർച്ചക്കൊടുവിലാണ് കെ മുരളീധരനെ വടകരയിലെ സ്ഥാനാർത്ഥിയാക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം വന്ന ഉടൻ തന്നെ വടകരയിൽ മുരളീധരൻ അനായാസം ജയിച്ചു കയറും എന്ന വികാരമായിരുന്നു പ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്നത്.
പ്രവർത്തകരുടെ വികാരത്തിന് വ്രണമേൽപ്പിക്കാതെയും ആവേശം കെടുത്താതെയും മുരളീധരൻ വെന്നികൊടി പാറിക്കുകയും ചെയ്തു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ ഉയർത്തി കാണിച്ചാണ് വടകരയിൽ യുഡിഎഫ് പ്രചാരണം കൊഴുപ്പിച്ചത്. ടിപി ചന്ദ്രശേഖരൻ കൊലപാതകം മുതൽ കണ്ണൂരിൽ നടക്കുന്ന അക്രമങ്ങളെ എല്ലാം തുറന്നു കാട്ടി ഈ അക്രമ രാഷ്ട്രീയത്തിനെതിരെ വിധി എഴുതണമെന്ന് മുദ്രാവാക്യമുയർത്തിയാണ് കെ മുരളീധരൻ തന്റെ പ്രചാരണം തൊടുത്തു വിട്ടത്. രാഹുൽഗാന്ധിയുടെ വരുവും ശബരിമലയും മുരളീധരന്റെ വിജയത്തിന് തറകല്ലിട്ടു. കണ്ണൂരിലെ അക്രമങ്ങളിൽ ഇരകളായവരെ ചൂണ്ടിക്കാട്ടി വടകരയിലെ ന്യൂനപക്ഷങ്ങളെയും കൈപിടിയിലാക്കാൻ യുഡിഎഫിന് സാധിച്ചു. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകൻ എന്ന ഖ്യാതിയും മുരളീധരന്‍റെ വിജയത്തിന്‍റെ ഘടകമായി മാറി. എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത മണ്ഡലം കൈവിട്ടു പോകാതിരിക്കാൻ യുഡിഎഫ് കളത്തിലിറക്കിയ സ്ഥാനാർഥിക്ക് കാലിടറേണ്ടി വന്നില്ലെന്നത് യുഡിഎഫിന് വലിയ ആശ്വാസമാണ് നൽകുന്നത്.