കോഴിക്കോട്: എച്ച്‌ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദൾ സെക്യുലർ (JDS) ദേശീയ തലത്തിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ഭാഗമായതോടെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് കേരള ഘടകം. കൂറുമാറ്റ നിരോധ നിയമം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ ജെഡിഎസിന് പുതിയ പാർട്ടി രൂപീകരിക്കാൻ കഴിയില്ലെന്നിരിക്കെ ആർക്കൊപ്പം ലയിക്കുമെന്നതിൽ പല അഭിപ്രായങ്ങളാണ്.
കേരളത്തിലെ ജെഡിഎസ് എൻഡിഎയുടെ ഭാഗമാകില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് മാത്യു.ടി.തോമസും മന്ത്രി കൃഷ്‌ണൻകുട്ടിയും വ്യക്തമാക്കിയതാണ്. അതിൽ ഒരു മാറ്റവുമില്ലെന്ന് ഇപ്പോഴും അവർ പറയുന്നു. ലാലു പ്രസാദ് യാദവിൻ്റെ ആർജെഡിയിൽ ലയിക്കണമെന്നാണ് മന്ത്രി കൃഷ്‌ണൻകുട്ടിയുടെ താൽപര്യം. എന്നാൽ കേരളത്തിലെ മറ്റൊരു ജനത പാർട്ടിയായ എൽജെഡി ആർ.ജെ.ഡിയുമായി ലയിച്ച സാഹചര്യത്തിൽ അത്തരമൊരു നീക്കം വേണ്ടെന്നാണ് പൊതു വിലയിരുത്തൽ.
എൻഡിഎയിൽ പോയി തിരിച്ചെത്തി നിതീഷ് കുമാറിൻ്റെ പാർട്ടിയുമായി ലയിക്കണമെന്നാണ് മറ്റൊരു വിഭാഗത്തിൻ്റെ അഭിപ്രായം. എന്നാൽ കൃത്യമായ ഒരു നിലപാടില്ലാത്ത നിതീഷിനോടൊപ്പം ചേരുന്നത് ആത്മഹത്യാപരമാണെന്നാണ് ഭൂരിപക്ഷ നിലപാട്. അഖിലേഷ് യാദവിന്‍റെ എസ്.പിയോടൊപ്പം പോകാനാണ് നിലവിൽ ജെ.ഡി.എസ് കേരള ഘടകം ആലോചിക്കുന്നത്. പുതിയ ലയനം തീരുമാനിക്കാൻ ഒക്ടോബർ 7ന് സംസ്ഥാന കമ്മിറ്റി യോഗം ചേരും.
ഒരു പ്രത്യേക ആശയം മുൻനിർത്തി ജയപ്രകാശ് നാരായണനാണ് ഇന്ത്യയിൽ ജനത പ്രസ്ഥാനം കെട്ടിപ്പടുത്തത്. ആശയ ഐക്യത്തിന് ബലം നൽകി ജനമോർച്ച, ജനത പാർട്ടി, ലോക്‌ദൾ, കോൺഗ്രസ് (എസ്) എന്നീ പാർട്ടികൾ ലയിച്ചാണ് പിന്നീട് ജനതാദൾ രൂപംകൊണ്ടത്. ഇന്ത്യയുടെ പ്രധാനമന്ത്രി പദം വരെ അലങ്കരിച്ച പാർട്ടി ക്രമേണ വിവിധ ചെറിയ വിഭാഗങ്ങളായി വിഘടിച്ച ജനതാദൾ പ്രാദേശിക പാർട്ടികളായി. ബിജു ജനതാദൾ, രാഷ്ട്രീയ ജനതാദൾ, ജനതാദൾ (മതേതര), ജനതാദൾ (യുണൈറ്റഡ്) എന്നിങ്ങനെ.
വീരേന്ദ്ര കുമാറിൻ്റെ നേതൃത്വത്തിലുള്ള കേരള ഘടകവും പിന്നീട് രണ്ടായി. ഒടുവിൽ ജെഡിയു ബിജെപിയുമായി ആശയമുള്ളവരുമായി കൈകോർക്കുമ്പോൾ വിഘടിച്ച് നിന്നാൽ നിലനിൽപ്പ് തന്നെ ഇല്ലാതാകും എന്ന പാഠം ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ്.
കേരള ഘടകത്തെ ആശയക്കുഴപ്പത്തിലാക്കി ലയനം: ഇന്നാണ് (സെപ്‌റ്റംബര്‍ 22) ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നതായി പ്രഖ്യാപനമുണ്ടായത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഡല്‍ഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയാണ് ഇക്കാര്യം എക്‌സില്‍ കുറിച്ചത്.
പ്രഖ്യാപനം ഉണ്ടായതോടെ കേരളത്തില്‍ ആശയക്കുഴപ്പം തലപ്പൊക്കി തുടങ്ങി. കേരളത്തില്‍ എല്‍ഡിഎഫിന് ഒപ്പം നില്‍ക്കുന്ന ജെഡിഎസ് ഇനി ആര്‍ക്കൊപ്പം നില്‍ക്കണമെന്ന ആശയക്കുഴപ്പത്തിലാണ്. പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഒരു മന്ത്രി സ്ഥാനവും ജെഡിഎസിന് ഉണ്ട്. ജെഡിഎസ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്കൊപ്പം ചേര്‍ന്നതാണ് കേരളത്തില്‍ ആശയക്കുഴപ്പത്തിന് കാരണം.
ജെഡിഎസ് ലയനത്തെ കുറിച്ച് നേരത്തെ സൂചനകള്‍ പുറത്ത് വന്നപ്പോള്‍ മന്ത്രി കൃഷ്‌ണന്‍കുട്ടി അടക്കമുള്ള ഏതാനും നേതാക്കള്‍ കേരളത്തില്‍ ജെഡിഎസ് എല്‍ഡിഎഫിന് ഒപ്പം തന്നെ തുടരുമെന്നായിരുന്നു പറഞ്ഞത്. നിലവില്‍ ആര്‍ക്കൊപ്പമെന്ന ചോദ്യത്തിന് ജെഡിഎസില്‍ വിവിധ അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ഒക്‌ടോബര്‍ 7ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം ആശയക്കുഴപ്പത്തിന് തക്കതായ തീരുമാനം കൈക്കൊള്ളുമെന്ന് തന്നെ പ്രതീക്ഷിക്കാം.