കോഴിക്കോട്: രണ്ട് പ്രളയം, കേരളം മരണത്തെ മുന്നില്‍ കണ്ട നാളുകൾ. ഒരു മനുഷ്യായുസില്‍ അധ്വാനിച്ച് നേടിയതൊക്കെയും പ്രളയജലത്തില്‍ മുങ്ങിത്താഴുമ്പോൾ നോക്കി നില്‍ക്കാൻ മാത്രമായിരുന്നു കോഴിക്കോട് ചാത്തമംഗലം വെള്ളന്നൂര്‍ ഇടുവീട്ടിൽ ഐ.വി ചന്ദ്രന്‍റെ വിധി. കടംവാങ്ങിയും വായ്‌പയെടുത്തും കൃഷി ഉപജീവനമാർഗമായ ചന്ദ്രന് 30 ലക്ഷം രൂപയാണ് പ്രളയം സമ്മാനിച്ച നഷ്ടം.
ആ നഷ്ട കഥയിങ്ങനെ
വീടിനോട് ചേർന്ന് ഒന്നര ഏക്കറിൽ വളർത്തിയെടുത്ത നഴ്‌സറിയില്‍ വിവിധ കൃഷിഭവനുകൾ മുഖേന വിതരണം ചെയ്യാൻ തയാറാക്കിയ ലക്ഷക്കണക്കിന് ഹൈബ്രിഡ് പച്ചക്കറി തൈകളും മറ്റു തൈകളുമാണ് പോളിഹൗസില്‍ കൃഷി ചെയ്‌തത്. 7500 കമുക്, 500 തെങ്ങ്, 15000 മാവ്, പ്ലാവ് തൈകള്‍, ആറ് ടൺ നെൽവിത്ത് എന്നിവ പ്രളയമെടുത്തു. ടാങ്ക് തകർന്ന് 12,000ത്തോളം മത്സ്യകുഞ്ഞുങ്ങൾ ഒലിച്ചുപോയി.
തിരിച്ചുവരവിലും കൃഷിയാണ് ജീവിതം
പക്ഷേ വിധിയെ പഴിച്ച് നിരാശയിലേക്ക് മടങ്ങാൻ 65 കാരനായ ചന്ദ്രൻ ഒരുക്കമായിരുന്നില്ല. വെള്ളന്നൂര്‍ കോട്ടക്കുന്നിലെ മൂന്നേക്കർ ഭൂമി 10 വർഷത്തേക്ക് പാട്ടത്തിനെടുത്ത് പുതിയ നഴ്‌സറി തുറന്നു. 60 രൂപ മുതൽ ആറായിരം രൂപ വരെയുള്ള തൈകൾ ഇപ്പോൾ ഇവിടെയുണ്ട്.
പൂച്ചെടികൾ, ഫലവൃക്ഷ തൈകൾ, ഔഷധ സസ്യങ്ങൾ, അലങ്കാര മത്സ്യങ്ങൾ, 15 ഇനങ്ങളിലായി തുടങ്ങിയവയും ചന്ദ്രന്‍റെ കൃഷിയിടത്തിലുണ്ട്. കൃഷിഭവൻ മുഖേന വിതരണം ചെയ്യാനുള്ള ലക്ഷക്കണക്കിന് പച്ചക്കറി തൈകളാണ് നിലവില്‍ തയ്യാറാക്കുന്നത്.
ബാങ്കുകളിൽ നിന്ന് വായ്‌പയെടുത്ത് തുടങ്ങിയ നഴ്‌സറിയ്‌ക്ക് സംസ്ഥാന ഹോർട്ടികള്‍ച്ചർ മിഷന്‍റെ അംഗീകാരവും സഹായവും ലഭിക്കുന്നുണ്ട്. കുടാതെ, ആത്മയുടെ സഹായത്തോടെ ജൈവവള നിർമാണ യൂണിറ്റും സജ്ജീകരിച്ചിട്ടുണ്ട്. കൈവിടാത്ത ആത്മവിശ്വാസത്തോടെ ഐ.വി ചന്ദ്രന്‍ തന്‍റെ ജൈത്രയാത്ര തുടരുകയാണ്. മുന്നോട്ടുള്ള യാത്രയില്‍ സർക്കാർ സഹായവും ചന്ദ്രൻ പ്രതീക്ഷിക്കുന്നുണ്ട്.