കോഴിക്കോട്: പന്തിരിക്കരയിൽ നിന്ന് തട്ടിക്കൊണ്ടു പോയ ഇർഷാദ് കൊല്ലപ്പെട്ടെന്ന് പൊലീസ് സ്ഥിരീകരണം. ഡിഎൻഎ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടത് ഇര്‍ഷാദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. കൊയിലാണ്ടി നന്തിക്കടുത്ത് കടൽ തീരത്ത് നിന്ന് കിട്ടിയ മൃതദേഹം ഇർഷാദിന്‍റേതാണെന്ന കാര്യത്തില്‍ ഇതോടെ വ്യക്തതയായി.
കടൽത്തീരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂർ സ്വദേശി ദീപക്കിന്‍റേതാണെന്ന് കരുതി സംസ്‌കരിച്ചിരുന്നു. മൃതദേഹത്തിന് ഇർഷാദുമായി രൂപ സാദൃശ്യമുണ്ടെന്ന സംശയത്തിലാണ് ഡിഎൻഎ പരിശോധനക്ക് അയച്ചത്. സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി ഇർഷാദിനെ കൊലപ്പെടുത്തി എന്ന നിഗമനത്തിലാണ് പൊലീസ്.
ജൂലൈ 6 നാണ് ഇർഷാദിനെ സംഘം തട്ടിക്കൊണ്ടുപോയത്. ജൂലൈ 15ന് പുറക്കാട്ടിരി പാലത്തിൽ നിന്ന് ഒരാൾ കാറിൽ നിന്നും പുഴയിലേക്ക് വീഴുന്നത് കണ്ടതായി മൊഴി ലഭിച്ചു. അതിവേഗത്തിൽ വന്ന കാറിൽ നിന്ന് ഒരാൾ പുഴയിലേക്ക് വീണതുമായി ബന്ധപ്പെട്ട് ഇർഷാദിന്‍റ തിരോധാന കേസിൽ അറസ്റ്റിലായവരേയും പൊലീസ് വിശദമായി ചോദ്യം ചെയ്‌തിരുന്നു.
ജൂലൈ 17നാണ് മൃതദേഹം നന്തി കടപ്പുറത്ത് കണ്ടെത്തിയത്. രൂപ സാദൃശ്യത്തിൽ ഇത് കാണാതായ ദീപക്കിന്‍റേതാണ് എന്ന് കരുതി ഹിന്ദുമതാചാര പ്രകാരം സംസ്‌കരിക്കുകയായിരുന്നു. മേപ്പയ്യൂർ പൊലീസാണ് ദീപക്കിന്‍റെ തിരോധാന കേസ് അന്വേഷിച്ചത്. അകന്ന ബന്ധുക്കളാണ് ജീർണിച്ച മൃതദേഹം ദീപക്കിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്.
എന്നാൽ മൃതദേഹത്തിന്‍റെ ഫോട്ടോ കണ്ട് സുഹൃത്തുക്കള്‍ സംശയം അറിയിക്കുകയായിരുന്നു. അതേ സമയം ദീപക്കിന്‍റെ ഡിഎൻഎ പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്‍റെ പരിശോധന ഫലം ദീപക്കിന്‍റെ ബന്ധുക്കളുടെ ഡിഎന്‍എയുമായി യോജിക്കാതെ വന്ന സാഹചര്യത്തിലാണ് ഇർഷാദിന്‍റെ മാതാപിതാക്കളുടെ ഡിഎൻഎ പരിശോധിച്ചത്.