കോഴിക്കോട്: ഐഎൻഎല്ലിൽ വീണ്ടും തമ്മിലടി രൂക്ഷമായി. പാര്‍ട്ടിക്കുള്ളില്‍ ഏറെ നാളായി തുടരുന്ന ഭിന്നത കാരണം ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്ക് അംഗങ്ങളെ നിശ്ചയിക്കാനും പറ്റാതായി. സീതാറാം മില്‍സ് ചെയര്‍മാന്‍ സ്ഥാനം, കെ.ടി.ഡി.സി മാരിടൈം ബോര്‍ഡ്, വനം വികസന കോര്‍പറേഷന്‍, കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ മെമ്പര്‍ സ്ഥാനവുമാണ് ഐ.എന്‍.എല്ലിന് നല്‍കിയിരുന്നത്. അംഗങ്ങളെ പെട്ടെന്ന് തീരുമാനിച്ചില്ലെങ്കില്‍ സ്ഥാനങ്ങള്‍ തിരിച്ചെടുക്കേണ്ടിവരുമെന്ന് സി.പി.എം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
ഡിസംബര്‍ 24ന് അഖിലേന്ത്യാ പ്രസിഡന്‍റിന്‍റെ സാന്നിധ്യത്തില്‍ കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ സീതാറാം മില്‍സ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് അബ്ദുള്‍ വഹാബ് പക്ഷം എന്‍ കെ അബ്ദുള്‍ അസീസിന്‍റെ പേര് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയാറാകാതിരുന്ന കാസിം ഇരിക്കൂര്‍ പക്ഷം എം.എ ലത്തീഫിന്‍റെ പേരാണ് മുന്നോട്ടുവച്ചത്. ഇതില്‍ സമവായത്തിലെത്താന്‍ കഴിയാതായതോടെ മറ്റ് മെമ്പര്‍ സ്ഥാനങ്ങളിലേക്കുള്ള പേരുകളിലും ചര്‍ച്ച നടന്നില്ല.
ഇതിനിടയില്‍ വഖഫ് വിഷയത്തില്‍ അബ്ദുല്‍ വഹാബ് പാര്‍ട്ടിക്ക് പുറത്ത് വഖഫ് ആക്ഷന്‍ കമ്മറ്റി രൂപീകരിക്കുകയും പ്രധാന നേതാക്കളെ ഉള്‍പ്പെടുത്തി കോഴിക്കോട് സമ്മേളനം നടത്തുകയും ചെയ്തതില്‍ എതിര്‍ വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്. ഭിന്നത കാരണം ജില്ല സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കാനോ മെമ്പര്‍ഷിപ്പ് വിതരണം തുടങ്ങാനോ ഐ.എല്‍.എല്ലില്‍ ആയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഒത്തുതീർപ്പ് എളുപ്പമാകില്ല എന്നാണ് ഇരു വിഭാഗവും അഭിപ്രായപ്പെടുന്നത്.
മന്ത്രിസ്ഥാനം ലഭിച്ചിട്ടും ഇരുവിഭാഗങ്ങൾ തെരുവിൽ തല്ലിയപ്പോൾ സിപിഎം അന്ത്യശാസനം നൽകിയതോടെയാണ് മുമ്പ് ഒത്തുതീർപ്പിൽ എത്തിയത്. എന്നാൽ കലഹം തുടർന്നാൽ ചില നേതാക്കളെ ഒപ്പം നിർത്തി മറ്റുള്ളവരെ പുറംതള്ളാനായിരിക്കും സിപിഎം ഇനി ആലോചിക്കുക.