കോഴിക്കോട്: പാർലമെന്‍റിൽ അവതരിപ്പിക്കുന്ന പൗരത്വ നിയമദേദഗതി ബിൽ കേരളത്തിൽ നടപ്പാക്കരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഐ.എൻ.എൽ. ബില്‍ അവതരണ വേളയിൽ പാർലമെന്‍റിൽ എതിർപ്പ് രേഖപ്പെടുത്താത്ത കേരളത്തിലെ എം.പിമാരുടെ വസതികളിലേക്ക് ഐ.എൻ.എൽ മാർച്ച് നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൗരത്വഭേദഗതി ബിൽ ജനാധിപത്യ മതേതര രാജ്യത്തിന്റെ മുഖം ലോകത്തിന് മുന്നിൽ വികൃതമാക്കുമെന്നും നേതാക്കൾ ആരോപിച്ചു. ഇത് രാജ്യത്തെ ജനങ്ങൾക്കിടയിൽ അകൽച്ച വർധിപ്പിച്ച് വർഗീയ ധ്രുവീകരണത്തിന് കാരണമാവും. ബിൽ പ്രകടമായ ഭരണഘടനാ ലംഘനമാണ്. ഇതിനെതിരെ മതേതര, ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും ഐ.എൻ.എൽ നേതാക്കള്‍ വ്യക്തമാക്കി.
ബിൽ നടപ്പാക്കുന്നതിനെതിരെ സംസ്ഥാനത്തിനകത്തും പുറത്തും ഐ.എൻ.എൽ വലിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകും. അടുത്ത മാസം രാജ്ഭവൻ മാർച്ചും റിപ്പബ്ലിക്ക് ദിനത്തിൽ കേരളത്തിൽ ഭരണഘടന സംരക്ഷണ ദിനാചരണവും നടത്തുമെന്നും നേതാക്കൾ അറിയിച്ചു.