കോഴിക്കോട്: 'ആറ്റുനോറ്റ് കിട്ടിയതിനെ ആറ്റിൽ കൊണ്ടുപോയി ഒഴുക്കി' എന്ന അവസ്ഥയിലേക്കാണ് ഐഎൻഎല്ലിൻ്റെ പോക്ക്. എൽഡിഎഫിൻ്റെ വാതിൽപ്പടിയിൽ ചെന്ന് ഞങ്ങളെയും കൂടെ കൂട്ടുമോ എന്ന് ചോദിക്കാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് കാലം. ഒടുവിൽ 2019ൽ അത് സംഭവിച്ചു. ഇന്ത്യൻ നാഷണൽ ലീഗ് ഇടതു മുന്നണിയുടെ ഭാഗമായി. നിയമസഭ തെരഞ്ഞെടുപ്പിൽ അർഹമായ ഒരു സീറ്റും കിട്ടി.
വൻ വില കൊടുക്കേണ്ടി വരുമോ
അഹമ്മദ് ദേവർ കോവിൽ എംഎൽഎയായി, മന്ത്രിയായി. ഈ വിജയവും സ്ഥാനലബ്ധിയും പക്വതയോടെ ആഘോഷിക്കേണ്ട നേതാക്കൾ പക്ഷേ സ്ഥലകാല ബോധം മറന്നു, തമ്മിലടിച്ച് പിരിഞ്ഞു. വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച ഒരു മുന്നണിയുടെ ഭാഗമായിട്ടും എല്ലാം കാറ്റിൽ പറത്തിയുള്ള ഈ പ്രകടനത്തിന് വലിയ വില കൊടുക്കേണ്ടി വരുമോ? നേതൃത്വങ്ങൾ തമ്മിലുള്ള വിഴുപ്പലക്കലിനെ ഒരു തവണ സിപിഎം മുന്നറിയിപ്പ് കൊടുത്തതാണ്. സംഗതി വീണ്ടും കത്തിക്കയറുമ്പോൾ എന്തായിരിക്കും അടുത്ത നടപടി? കാത്തിരുന്ന് കാണണം.
സുലൈമാൻ സേഠിനെ മറന്ന പാര്‍ട്ടി
മുസ്ലീംലീഗിൻ്റെ സമുന്നത നേതാവായിരുന്ന ഇബ്രാഹിം സുലൈമാൻ സേഠ് 1994ൽ ദേശീയ തലത്തിൽ രൂപീകരിച്ച പാർട്ടിയാണ് ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ). മൂന്നര പതിറ്റാണ്ട് കാലം പാർലമെൻ്റ് അംഗമായിരുന്ന അദ്ദേഹത്തെ മാറ്റിച്ചിന്തിപ്പിച്ചത് ബാബരി വിഷയം തന്നെയായിരുന്നു. ബാബരി മസ്ജിദ് വിഷയത്തിൽ കോൺഗ്രസും മുസ്‌ലിം ലീഗും കാണിച്ചത് വഞ്ചനാത്മക നിലപാടാണെന്നും മതാധിഷ്ഠിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും സേട്ട് പ്രഖ്യാപിച്ചു.
ലീഗ് വിട്ട് വന്നവരെ ഏകോപിച്ച് തുടങ്ങിയ പാർട്ടിക്ക് നിലവിൽ ചുരുക്കം സംസ്ഥാനങ്ങളിൽ മാത്രമാണ് വേരോട്ടമുള്ളത്. അതിൽ അർഹമായ ഒരു സ്ഥാനം ലഭിച്ചത് കേരളത്തിൽ മാത്രം. ഐഎൻഎൽ രൂപീകരിച്ചതിന് ശേഷം കേരള ഘടകത്തിൽ അസ്വാരസ്യങ്ങൾ പതിവായിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് വിമതപക്ഷം സമാന്തര യോഗം വരെ വിളിച്ച് ചേർത്തിരുന്നു.
സ്ഥാനാർഥി നിർണയത്തില്‍ തുടങ്ങിയ തര്‍ക്കം
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം തൊട്ടാണ് തമ്മിലടി രൂക്ഷമായത്. കോഴിക്കോട് സൗത്തിൽ കണ്ണുവെച്ച പ്രൊഫ. എപി അബ്ദുല്‍ വഹാബിനെ കാസിം ഇരിക്കൂർ വെട്ടി എന്നതാണ് പ്രശ്നം. പകരം കാസിമിനോട് അടുപ്പമുള്ള അഹമ്മദ് ദേവർ കോവിലിനെ പ്രതിഷ്ഠിച്ചു.
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാനായിരുന്നു അബ്ദുല്‍ വഹാബ്. പാർട്ടിയിലെ മറ്റുള്ളവർക്കും അവസരങ്ങൾ ലഭിക്കട്ടെ എന്ന് ചൂണ്ടിക്കാണിച്ചാണ് വഹാബിനെ ഇത്തവണ വെട്ടിയത്. ഇതോടെ പുകഞ്ഞ വിഷയങ്ങളാണ് കൊച്ചിയിൽ പൊട്ടിത്തെറിച്ചത്.
താക്കീത് കൊണ്ട് പഠിച്ചില്ല
ഐഎൻഎല്ലിലുണ്ടായ തമ്മിലടിയും പിളർപ്പും ഇടതുപക്ഷത്ത് ഉണ്ടാക്കിയത് കടുത്ത അതൃപ്തിയാണ്. പാർട്ടി നേതൃത്വം 40 ലക്ഷം രൂപയ്ക്ക് പിഎസ്‍സി അംഗത്വം വിറ്റെന്ന വിവാദം ഉയർന്നപ്പോൾ ഐഎൻഎൽ നേതാക്കളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് സിപിഎം കണ്ണുരുട്ടിയതാണ്. എന്നാൽ അതിനെ വെല്ലുന്ന നാണക്കേട് വീണ്ടും വരുത്തിവെച്ചതോടെ അടുത്ത മുന്നണി യോഗം ഇക്കാര്യം ചർച്ചയ്‌ക്കെടുക്കും.
തെറിക്കുമോ മന്ത്രിസ്ഥാനം
മന്ത്രിസ്ഥാനം നൽകിയ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ചില ഇടത് നേതാക്കളുടെ അഭിപ്രായം. അതേസമയം മുന്നണിയിൽ നിന്ന് തെറിച്ച് പോകാതെ നോക്കാനാണ് ഐഎൻഎല്ലിൻ്റെ ഇരു പക്ഷവും ശ്രമിക്കുന്നത്. അടുത്ത മാസം മൂന്നിന് കോഴിക്കോട്ട് പാർട്ടി സംസ്ഥാന കൗൺസിൽ യോഗം വിളിച്ച് ഭൂരിപക്ഷം തെളിയിക്കാനാണ് വഹാബ് വിഭാഗത്തിന്‍റെ തീരുമാനം.
തക്കം പാര്‍ത്ത് ലീഗും
കാസിം ഇരിക്കൂറിന്‍റെ നിലപാടുകളെല്ലാം ഇടതുമുന്നണിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ഇവരുടെ ആക്ഷേപം. വഹാബിനും അനുയായികൾക്കും മുസ്ലിം ലീഗുമായി അന്തർധാരയുണ്ടെന്നാണ് കാസിം ഇരിക്കൂറിന്‍റെ ആരോപണം. പിളർപ്പിനെ തുടർന്ന് കമ്മറ്റി ഓഫീസുകൾ പിടിച്ചെടുക്കാൻ ഇരുപക്ഷവും ശ്രമം തുടങ്ങി. ഇതിനിടയിൽ പെട്ട് പുറത്ത് വരുന്നവരെ ചാക്കിടാൻ മുസ്ലിംലീഗും ഒരുങ്ങി നിൽക്കുകയാണ്. പഴയ മുസ്ലിംലീഗ് മിനുക്കിയെടുത്തതാണ് പുതിയ ഐഎൻഎൽ എന്നിരിക്കെ ഇനി എന്തൊക്കെ കാണേണ്ടി വരും എന്നതും വലിയ ചോദ്യമാണ്.