കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജി എംഎൽഎയുടെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളിൽ വിജിലൻസ് പരിശോധന. വിജിലൻസിൻ്റെ സ്പെഷ്യൽ യൂണിറ്റാണ് പരിശോധന നടത്തുന്നത്. മുസ്ലിം ലീഗ് എംഎൽഎയായ കെഎം ഷാജിക്കെതിരെ വിജിലൻസ് ഇന്നലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്തുള്ളതായി കണ്ടെത്തിയ വിജിലൻസ്, റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഷാജിയുടെ സ്വത്തിൽ വരവിനേക്കാൾ 166 ശതമാനത്തിന്‍റെ വർധനവുണ്ടായതായാണ് വിജിലൻസ് കണ്ടെത്തൽ.
2011 മുതൽ 2020 വരെയുള്ള കണക്ക് പ്രകാരം ഷാജിക്ക് 88,57,000 രൂപ വരവുളളതായി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. 32,19,000 രൂപ ഇക്കാലയളവിൽ ഷാജി ചെലവാക്കിയിട്ടുണ്ട്. എന്നാൽ രണ്ട് കോടിയോളം രൂപ ഇക്കാലയളവിൽ ഷാജി അനധികൃതമായി സമ്പാദിച്ചതായാണ് വിജിലൻസ് കണ്ടെത്തൽ. ഷാജിക്കെതിരായി കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും വിജിലന്‍സ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തതും പരിശോധന ആരംഭിച്ചതും.