കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയു പീഡന കേസിൽ (ICU Harrasment Case) മൊഴി രേഖപ്പെടുത്തിയ ഡോക്ടർക്കെതിരെ അതിജീവിതയായ യുവതി നൽകിയ പരാതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഡോ. പ്രീതയ്ക്കെതിരെ നൽകിയ പരാതിയിലാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിൽ ഡോ. പ്രീതയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് (ICU Harrasment Case Kozhikode investigation report submitted).
യുവതി നേരത്തെ നഴ്സിനോട് പറഞ്ഞ അതേ വിവരങ്ങൾ ഡോക്ടറും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഓരോ ദിവസത്തെയും സംഭവങ്ങൾ രേഖപ്പെടുത്താൻ ഐസിയുവിൽ സൂക്ഷിച്ച ഇൻസിഡന്റ് റിപ്പോർട്ട് ബുക്കിൽ എഴുതിയ കാര്യങ്ങളും ഡോക്ടറുടെയും നഴ്സിന്റെയും മൊഴികളും സാമ്യമാണെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. അതിനാൽ പരാതിയിൽ കഴമ്പില്ലെന്നും റിപ്പോർട്ടിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നു.
മെഡിക്കൽ കോളജ് എസിപി കെ സുദർശനാണ് അതിജീവിതയുടെ പരാതിയിൽ അന്വേഷണം നടത്തി സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പ്രതികരിച്ച് അതിജീവിത രംഗത്തെത്തി. പൊലീസ് റിപ്പോർട്ട് തീർത്തും ദുഃഖകരമാണെന്ന് അവർ പറഞ്ഞു.
സംഘടനാബലം കൊണ്ടോ മറ്റ് അധികാര സമ്മർദത്തിലോ ആണ് റിപ്പോർട്ട് തയാറാക്കിയതെന്ന് സംശയിക്കുന്നതായും അതിജീവിത വ്യക്തമാക്കി. വിഷയം മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തും. ആവശ്യമെങ്കിൽ നീതി ലഭിക്കാൻ കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.
മെഡിക്കൽ കോളജ് അസി. കമ്മിഷണർ കെ. സുദർശനുമായി അതിജീവിത കൂടിക്കാഴ്ച നടത്തി. ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതക്കെതിരെ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അവർ ആവശ്യപ്പെട്ടു. അതിനിടെ ഐസിയു പീഡന കേസിൽ പ്രതിയുടെ സസ്പെൻഷൻ വീണ്ടും നീട്ടി.
ആശുപത്രിയിലെ അറ്റന്‍ഡർ എംഎം ശശീന്ദ്രന്റെ സസ്പെൻഷൻ കാലാവധിയാണ് മൂന്ന് മാസം കൂടി നീട്ടിയത്. പ്രിൻസിപ്പൽ എൻ അശോകന്റേതാണ് ഉത്തരവ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശ പ്രകാരമാണ് പ്രിൻസിപ്പൽ ഉത്തരവിറക്കിയത്.
അച്ചടക്ക നടപടികൾ തുടരുന്ന കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും സർവീസിൽ പുനഃപ്രവേശിപ്പിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കാണിച്ചാണ് സസ്പെൻഷൻ നീട്ടിയത്. മാത്രമല്ല സർവീസിൽ പുനഃപ്രവേശിപ്പിച്ചാൽ തെളിവ് നശിപ്പിക്കപ്പെടാനും സാക്ഷികളിൽ സ്വാധീനം ചെലുത്താനും സാധ്യതയുണ്ട്.
കഴിഞ്ഞ മാര്‍ച്ചിലാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയക്ക് ശേഷം ഐസിയുവില്‍ കഴിയുകയായിരുന്ന യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.